വെളിച്ചം ഒരു മതത്തിന്റെ അടയാളമല്ല; നിലവിളക്ക് കൊളുത്തരുതെന്ന് ഏത് തമ്പുരാൻ പറഞ്ഞാലും താൻ നിലവിളക്ക് കൊളുത്തുമെന്ന് പി കെ ശശി എം എൽ എ

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (14:44 IST)
നിലവിളക്ക് കൊളുത്തുന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് സി പി എം എംഎൽഎ പി കെ ശശി വ്യക്തമാക്കി. നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മാധ്യമങ്ങളോട് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. വെളിച്ചം ഒരു മതത്തിന്‍റെ അടയാളമോ ചിഹ്നമോ അല്ല, സംസ്കാരത്തിന്‍റെ ഭാഗമാണ്. അത് നിഷേധിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നാളിതുവരെ പറഞ്ഞിട്ടില്ലെന്നും പി കെ ശശി വ്യക്തമാക്കി.
 
നിലവിളക്ക് കൊളുത്താന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ന്റെ  പ്രസ്താവനക്കെതിരെയാണ് പി കെ ശശി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു എൽ എയുടെ പ്രതികരണം. മനസില്‍ ഇരുട്ട് നിറഞ്ഞവരാണ് വെളിച്ചത്തെ ഭയപ്പെടുന്നത്. തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒന്നാണ് നിലവിളക്ക് കൊളുത്തുക എന്നുള്ളതെന്ന് പി കെ ശശി വ്യക്തമാക്കി‍യിരുന്നു. അതേസമയം, നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് ജി സുധാകരൻ നടത്തിയ പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടില്ല. അദ്ദേഹവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും എം എൽ എ വ്യക്തമാക്കി.
Next Article