നിക്ഷേപത്തട്ടിപ്പ് : സ്വകാര്യ ധനകാര്യ സ്ഥാപന മാനേജർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 3 ഡിസം‌ബര്‍ 2022 (19:08 IST)
കോഴഞ്ചേരി : നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജർ അറസ്റ്റിലായി. കുരിയന്നൂർ പി.ആർ.ഡി മിനി നിധി ലിമിറ്റഡിന്റെ മുൻ മാനേജരായ തൊട്ടപ്പുഴശേരി ചിറയിറാംപ് മാരാമൺ കാവും തുണ്ടിയിൽ ഡേവിസ് ജോർജ്ജ് (64) ആണ് അറസ്റ്റിലായത്.

കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിയാണ് അറസ്റ്റിലായ ഡേവിസ് ജോർജ്ജ്. മുൻ‌കൂർ ജാമ്യത്തിനായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അധികാരികൾക്ക് മുമ്പിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ ഇയാൾ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം  പത്തനംതിട്ടയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  

മറ്റു പ്രതികളായ കുരിയന്നൂർ ശ്രീരാമസദനം അനിൽകുമാർ, ഭാര്യ ദീപ, മകൻ അനന്തു വിഷ്ണു എന്നിവരെ എറണാകുളത്തെ ഇരമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയിരുന്നു. തടിയൂർ സ്വദേശി രാജ്‌കുമാറിന്റെ ഭാര്യ ബിനുമോൾ പല തവണയായി നിക്ഷേപിച്ച അഞ്ചേകാൽ ലക്ഷം രൂപയുടെ പലിശ, മുതൽ എന്നിവ തിരികെ നൽകാതെ ചതിച്ചു എന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സമാനമായ രീതിയിൽ ഇവർക്കെതിരെ ജില്ലയിലും പുറത്തും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് റിസർവ് ബാങ്ക് അനുമതി ഇല്ലെന്നും പോലീസ് വെളിപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍