എഴുപത്തിരണ്ട് കാരിയായ മുത്തശിയുടെ പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തതിനു കൊച്ചുമകള്‍ പോലീസ് പിടിയിലായി. ചോദ്യം ചെയ്തപ്പോഴാണ് ഇത് തന്റെ കാമുകന്റെ കടം വീട്ടാനായിരുന്നു എന്ന് അറിഞ്ഞത്. ചേര്‍പ്പ് പള്ളിപ്പുറം പുളിപ്പറമ്പില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ ലീലയുടെ പതിനേഴര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് കൊച്ചുമകള്‍ സൗപര്‍ണിക (21), കാമുകന്‍ വെങ്ങിണിശേരി തലോണ്ട അഭിജിത് (21) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.
2021 മാര്‍ച്ച് മുതല്‍ നാല് തവണയായി പതിനേഴര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും രണ്ടു തവണയായി എസ് .ബി.ഐ കൂര്‍ക്കഞ്ചേരി ബ്രാഞ്ചില്‍ നിന്ന് എട്ടു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും മുത്തശി അറിയാതെ ചെറുമകള്‍ കൈക്കലാക്കിയ ശേഷം കാമുകനായ അഭിജിത്തിന് നല്‍കി. സൗപര്ണികയുടെ കാമുകനായ അഭിജിത് എട്ടാം ക്ലാസ് മുതല്‍ സൗപര്ണികയുടെ സഹപാഠിയാണ്. മാതാവ് മാത്രമുള്ള അഭിജിത്തിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കുക, വീട് പണി നടത്തുക എന്നിവയ്ക്കായിരുന്നു സ്വര്‍ണ്ണാഭരണം കൈക്കലാക്കി സ്വകാര്യ ബാങ്കില്‍ പണയം വച്ച് പണം നല്‍കിയത്.
ഇതിനൊപ്പം കള്ളത്തരം പിടിക്കാതിരിക്കാന്‍ ഇതേ രീതിയിലുള്ള മുക്കുപണ്ടവും വാങ്ങിവച്ചിരുന്നു. എന്നാല്‍ മുക്കുപണ്ടം കൊണ്ടുള്ള കമ്മല്‍ ധരിച്ചതോടെ കാതില്‍ പഴുപ്പ് വരുകയും ചെയ്തു. എന്നാല്‍ ഇതിനിടെ കാത് അടഞ്ഞപ്പോള്‍ വീണ്ടും കാത്തു കുത്തി കമ്മലിടാന്‍ സ്വര്ണപ്പണിക്കാരനെ സമീപിച്ചപ്പോഴാണ് കമ്മല്‍ സ്വര്‍ണ്ണമല്ലെന്നു കണ്ടെത്തിയത്. തുടര്‍ന്നാണ് വിവരം മകളോട് പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.