ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല: വൈകാരിക കുറിപ്പുമായി കെ സുധാകരൻ

അഭിറാം മനോഹർ

വെള്ളി, 13 മാര്‍ച്ച് 2026 (14:40 IST)
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കിയുള്ള പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി കെ സുധാകരന്‍. താന്‍ പാര്‍ട്ടിക്ക് വേണ്ടി കണ്ണൂരില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഓര്‍മിപ്പിച്ചാണ് സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
 
കണ്ണൂര്‍ എന്റെ ഹൃദയരക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ് എന്റെ മേല്‍വിലാസവും. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ മണ്ണാണ്. പൊരുതി ജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമി. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ സുധാകരന്‍ എന്നും മുന്നിലുണ്ടാകും. സഹപ്രവര്‍ത്തകരുടെ ചോര വീണ, ഉറ്റവരെ നഷ്ടപ്പെട്ട, പ്രിയപ്പെട്ടവരുടെ ചങ്കുപിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ സുധാകരന്‍ തലയുയര്‍ത്തി നില്‍ക്കും. ഞാന്‍ അറിയാത്ത കണ്ണൂരില്ല. എന്നെ അറിയാത്ത കണ്ണൂരുമില്ലെന്നും സുധാകരന്‍ പോസ്റ്റില്‍ പറയുന്നു.
 
കെ സുധാകരന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 
കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും  തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍  ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.
 
ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്.
ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്.
 
കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും. 
 
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ  ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍