മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്ത് ഫയലിൽ ഒപ്പ്, കേരളം ഭരിക്കുന്നത് പിണറായി വ്യാജനെന്ന് ബിജെപി

വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (14:57 IST)
വിദേശത്ത് ചികിത്സക്കായി പോയ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടതെങ്ങനെയെന്ന് യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ. സെപ്‌റ്റംബർ രണ്ടിന് വിദേശത്ത് ചികിത്സക്ക് പോയ മുഖ്യമന്ത്രി തിരിച്ചുവന്നത് സെപ്‌റ്റംബർ 23നാണ്. എന്നാൽ ഒൻപതാം തിയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടതായി കാണുന്നു. ഈ ഫയലിൽ ഒപ്പുവെച്ചത് ശിവശങ്കറാണോ അതോ സ്വപ്‌നാ സുരേഷ് ആണോ സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
 
മുഖ്യമന്ത്രി വിദേശത്തായിരിക്കുമ്പോൾ വ്യാജ ഒപ്പ് ഇട്ടിട്ടുണ്ടെങ്കിൽ നാട്ടിലാവുമ്പോഴും അത് സംഭവിക്കാം. മുഖ്യമന്ത്രിയുടെ അറിവോടെയാണോ അതോ പാർട്ടിയുടെ അറിവോടെയാണോ വ്യാജ ഒപ്പ് തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. മുൻപ് കെ കരുണാകരൻ വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ അറിവോടെ ചീഫ് സെക്രട്ടറിയാണ് ഫയലിൽ ഒപ്പിട്ടത്. എന്നാൽ ഇത്തരം കീഴ്‌വഴക്കങ്ങൾ ഇവിടെ ഉണ്ടായിട്ടില്ലെന്നും കേരളം ഭരിക്കുന്നത് പിണറായി വ്യാജനാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. മുഖ്യമന്ത്രിയില്ലാതെ മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന സംഭവം രാജ്യത്ത് തന്നെ ആദ്യമായിരിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍