ബ്രേക്ക് ദ ചെയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

വെള്ളി, 28 ഓഗസ്റ്റ് 2020 (08:56 IST)
ബ്രേക്ക് ദ ചെയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു. 75995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 47,828 കേസുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോളാണ് ഇന്ത്യയിലെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാവുക. മരണങ്ങള്‍ ഒരു ദിവസം ആയിരത്തില്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്.
 
ദക്ഷിണേന്ത്യയിലും രോഗവ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കര്‍ണാടകയില്‍ കേസുകള്‍ മൂന്നു ലക്ഷം കവിഞ്ഞു. 5107 പേരാണ് അവിടെ മരണമടഞ്ഞത്. തമിഴ്‌നാടില്‍ കേസുകള്‍ ഏകദേശം 4 ലക്ഷമാവുകയും ഏതാണ്ട് 7000 പേര്‍ മരിക്കുകയും ചെയ്തു. ഈ സംസ്ഥാനങ്ങള്‍ തൊട്ടടുത്തായിട്ടും, അവയേക്കാള്‍ വളരെ കൂടിയ തോതില്‍ ജനസാന്ദ്രതയും വയോജനങ്ങളുടെ ജനസംഖ്യാനുപാതവും പ്രമേഹം ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളും ഉണ്ടായിരുന്നിട്ടും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണ്.
 
അകലം പാലിക്കുന്നതിനും, കൈകള്‍ നിരന്തരം ശുചിയാക്കുന്നതിനും, മാസ്‌കുകള്‍ ധരിക്കുന്നതിനും വിട്ടുവീഴ്ച ഉണ്ടാകാതിക്കാന്‍ ശ്രദ്ധിക്കണം. ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാവലയം ഒരുക്കണം. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിര്‍ത്തിയേ തീരൂവെന്ന് നമ്മളെല്ലാവരും ദൃഢനിശ്ചയം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍