'വേശ്യാ പ്രയോഗം മോശമായി പോയെങ്കിൽ ക്ഷമിക്കുക’ - മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

ചിപ്പി പീലിപ്പോസ്

ബുധന്‍, 16 ഒക്‌ടോബര്‍ 2019 (12:55 IST)
സന്നദ്ധപ്രവർത്തനത്തെ വിമർശിച്ച യുവതിയെ ‘വേശ്യ’യെന്ന് മുദ്രകുത്തിയ സംഭവത്തിൽ മാപ്പ് ചോദിച്ച് ഫിറോസ് കുന്നം‌പറമ്പിൽ. ഏതെങ്കിലും രാഷ്ട്രീയ പാർ‍ട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മ‍ഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയ ഫിറോസിനെ ജസ്ല വിമർശിച്ചിരുന്നു. ഇതോടെ ഇവരെ വേശ്യയെന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു ഫിറോസ്.
 
‘ഞാൻ രോഗികൾക്ക് ഒപ്പം ജീവിച്ചും, അവരെ സഹായിച്ചും തിരക്കേറിയ ജീവിതവും മൂലം ഒരു ഭ്രാന്ത് പിടിച്ച അവസ്ഥയാണ്‌. തല പൊട്ടിതെറിക്കുമോ എന്നു പോലും സംശയിക്കുന്നു. അപ്പോൾ ഇത്തരം വിമർശനം കേട്ടാൻ ഇങ്ങിനെ ഒക്കെ നമ്മൾ ആയി പോകും. അപ്പോൾ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായിപ്പോയെങ്കിൽ‌ ക്ഷമിക്കണംഅപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണ്. അത്തരമൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നു“- ഫെയ്സ്ബുക്ക് ലൈവിൽ ഫിറോസ് പറഞ്ഞു.
 
സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ കഴിഞ്ഞ ദിവസം കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെയ്ൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഫിറോസ് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍