'രണ്ടിഞ്ച് നീളമുള്ള സ്കെയിലില്‍ എന്റെ ജീവിതം അളക്കാന്‍ വരരുത്, നാഴിയില്‍ എന്റെ കോണ്‍ഫിഡന്‍സും അളക്കാന്‍ നില്‍ക്കരുത്, ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ മാനത്തിന് വിലയിടാൻ'; സോഷ്യൽ മീഡിയയിലെ ഞരമ്പു രോഗികൾക്ക് ചുട്ട മറുപടിയുമായി യുവ എഴുത്തുകാരി

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (14:15 IST)
ഫേസ്ബുക്ക് മെസ്സേജിൽ അശ്ശീല വാക്കുകളുമായി വരുന്ന ഞരമ്പുകൾക്ക് ചുട്ടമറുപടിയുമായി യുവ എഴുത്തുകാരി വനജ വാസുദേവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഋഷിരാജ് സിംഗിന്റെ 14സെക്കന്റ് പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പൊതു സ്ഥലങ്ങളിലും തെരുവുകളിലും കാണുന്ന പുരുഷന്മാരെ താൻ നോക്കാറുണ്ടെന്നും അവരുടെ നോട്ടം ആത്മവിശ്വാസം പകരുന്നുവെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം വനജ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനുശേഷം ഇന്‍ബോക്‌സിലേക്ക് തന്നെ തേടിയെത്തിയ അശ്ലീല മെസ്സേജുകൾക്ക് മറുപടിയായിട്ടായിരുന്നു വനജയുടെ പുതിയ പോസ്റ്റ്.
 
വനജയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
എവിടെ നിന്നാണ് ഞാന്‍ എന്നെ നിങ്ങള്‍ക്ക് കാണിച്ച് തരേണ്ടത്. നാല് മുറികള്‍ക്കുള്ളില്‍ ഒതുങ്ങി നാണം കുണുങ്ങി നടന്ന പട്ടുപാവാടക്കാരിയില്‍ നിന്ന് തുടങ്ങാം. കണ്ണുകള്‍ മണ്ണിലേക്ക് മാത്രമെറിഞ്ഞ്, പതിഞ്ഞ സ്വരത്തില്‍ മാത്രം സംസാരിച്ച്, പുസ്തകങ്ങളും മാറോടടുക്കി ഭൂമിയെ നോവിക്കാതെ പതുങ്ങി നടന്ന ഒരു പെണ്‍കുട്ടി. അധികം ആരോടും മിണ്ടില്ല. ഒട്ടും ഒച്ചപ്പാടും ബഹളവുമില്ലാതെ ഒറ്റതിരിഞ്ഞ് നടന്നവള്‍. ഒച്ച വയ്ക്കാതെ നടന്നവള്‍. പേടിയായിരുന്നു എല്ലാത്തിനോടും. വയറെരിച്ച് കടന്ന് പോകുന്ന വിശപ്പിനോട്, നിശബ്ദ്ദതയുടെ കമ്പളം പുറച്ചുറങ്ങുന്ന രാവിനോട് പെയ്തിറങ്ങുന്ന ദുരിതമഴയോട്. സ്വപ്നം കാണുമായിരുന്നു അവള്‍ ചില രാത്രികളില്‍. വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നത്, തൊങ്ങല്‍ വച്ച നല്ല ഉടുപ്പ് കിട്ടുന്നത്, സമാധാനമായി ഒരു ദിവസം കിടന്നുറങ്ങുന്നത്...
 
നേരിയ ഒരു ഓര്‍മ്മ മനസ്സില്‍ അവശേഷിപ്പിച്ച് അച്ഛന്‍ സ്വര്‍ഗ്ഗത്തിലേക്ക് കടന്ന് പോകുമ്പോള്‍ ഞാന്‍ അഞ്ചാം ക്ളാസ്സില്‍ ആയിരുന്നു . അച്ഛന്റെ വിടവ് നികത്താന്‍ നന്നേ ചെറുപ്പത്തിലെ വിധവയായ അമ്മ നന്നേ കഷ്ടപ്പെട്ടു. സ്വത്തോളം വലുതല്ല സഹോദര സ്നേഹമെന്ന് പഠിപ്പിച്ച് ദുരുത കയത്തിലേക്ക് തള്ളിവിട്ട ബന്ധുത്വങ്ങള്‍. വെറുപ്പായിരുന്നു സത്യത്തില്‍ അന്നൊക്കെ. ജീവിതത്തില്‍ ഒറ്റയ്ക്ക് തുഴയുന്ന അമ്മയെ കാണുമ്പോള്‍,ഫീസടയ്ക്കാന്‍ വഴി മുട്ടി നില്‍ക്കുമ്പോള്‍, മുഴുവന്‍ ചോറ് എനിക്കും അനിയനും പകുത്ത് തന്ന് അമ്മ വയറൊട്ടി കിടക്കുമ്പോള്‍, ജീവിതത്തില്‍ നിന്ന് ഓരോ വര്‍ണ്ണങ്ങളും മാഞ്ഞ് പോകുമ്പോള്‍ വല്ലാത്തൊരു വെറുപ്പ് ജീവിതത്തില്‍ സൂക്ഷിച്ചിരുന്നു.
 
ജീവിതത്തിലേ ഒറ്റപ്പെടല്‍ അമ്മയെ വലിയ ദേഷ്യക്കാരിയാക്കി മാറ്റി. കൂടാതെ ബന്ധുക്കളുടെ ഉപദ്രവവും. അമ്മ ദേഷ്യം മുഴുവന്‍ ഇറക്കിവയ്ക്കുന്നത് എന്റെ ദേഹത്തായിരുന്നു. ഒരു തുള്ളി കണ്ണീര് പൊടിയാതെ ശില പോലെ നിന്ന് രണ്ടും മൂന്നും വടി ഒടിയണ വരെ തല്ല് വാങ്ങിയിട്ടുണ്ട്. കാരണം എന്താനാണെന്ന് പോലും അറിയാതെ. എനിക്കറിയാം, അമ്മ രാത്രി ഉറങ്ങിയെന്ന് കരുതി അടുത്ത് വന്ന് തിണര്‍ത്ത പാടുകളിലെല്ലാം തൊട്ട് പോകുമെന്ന്. കരഞ്ഞ് തിരിച്ച് പോകുന്ന അമ്മയുടെ മുഖം ഇരുട്ടത്ത് ഒരിക്കലും ഞാന്‍ കണ്ടിരുന്നില്ല. എങ്കിലും, കണ്ണുകളില്‍ നിന്ന് അനുസരണ ഇല്ലാതെ അടര്‍ന്ന് ചാടിയ ചില നീര്‍മണികള്‍ എന്നേ അത് അറിയിച്ചിട്ടുണ്ട്. ആ നിമിഷം കമഴ്ന്ന് തലയണയില്‍ മുഖമമര്‍ത്തി രാത്രി മുഴുവന്‍ കരഞ്ഞ് തീര്‍ത്തിട്ടുണ്ട് ഞാന്‍. ഇന്നോളം ഹൃദയം പൊട്ടി വേറെ കരഞ്ഞിട്ടില്ല.
 
അതിരാവിലെ കറന്നെടുത്ത പാലുമായി ഓരോ വീടിന് മുന്നിലുംനല്‍ക്കണിയായി വന്ന് നില്‍ക്കുമ്പോള്‍ തുറന്നിട്ട ജനലിലൂടെ കാണാറുണ്ട്, സമപ്രായക്കാല്ര്‍ പുതച്ച്മൂടി കിടന്നുറങ്ങുന്നത്. മഴയായാലും മഞ്ഞായാലും ആ കാഴ്ച ഉണ്ടാവും ഞങ്ങള്‍ക്ക് മുന്നില്‍ . പേപ്പറില്‍ പൊതിഞ്ഞെടുത്ത കോഴിമുട്ടകള്‍ അയല്‍വീടുകളില്‍ കൊണ്ട്ചെന്ന് കൊടുക്കുമെങ്കിലും, എനിക്കും അനിയനും അത് കിട്ടാക്കനിയായിരുന്നു. കോഴിമുട്ട വിറ്റ് കിട്ടുന്ന കാശ് കിട്ടിയിട്ട് വേണം എനിക്കും അനിയനും ചേച്ചിക്കും ട്യൂഷന്‍ഫീസ് കൊടുക്കേണ്ടത് എന്നതിനാല്‍ അതിനോട് കൊതിയും തോന്നിയിട്ടില്ല. മാസം ഒന്നാം തീയതി അമ്മ പെന്‍ഷന്‍ വാങ്ങാന്‍ പോകുന്ന ദിവസം വായില്‍ വെള്ളം നിറച്ചിരിക്കും. കാരണം അന്ന് ഒരു ദിവസം മാത്രമാണ് വയറ് നിറയെ പലഹാരങ്ങളും, പൊറോട്ടയും ഇറച്ചിയും കഴിക്കുന്നത്.
 
കടുത്ത ദുരിതത്തിലും പ്‌രതിസന്ധിയിലും അമ്മ മുണ്ട് മുറുക്കി ഉടുത്ത് തന്നെ ഞങ്ങളെ വളര്‍ത്തി. ഒരു വിധവ മക്കളെ വളര്‍ത്താന്‍ ഒറ്റയ്ക്ക് എത്രമാത്രം ദുരിതം അനുഭവിക്കേണ്ടി വരുമെന്ന് അറിയാമോ നിങ്ങള്‍ക്ക് ? എനിക്ക് നന്നായി അറിയാം . ജാരനുണ്ടോയെന്ന് സാകൂതം നോക്കുകയും, പിഴച്ച് പോകുമോ എന്ന് ആവലാതി പെടുകയും ചെയ്ത കൊല്ലാതെ കൊന്ന കപട സദാചാരത്തോട് അന്നേ അറപ്പും വെറുപ്പുമാണ് എനിക്ക്. ഇന്നും.
 
പോളീടെക്നിക്കല്‍ കഴിഞ്ഞ് പത്തൊര്ന്‍പതാമത്തെ വയസ്സില്‍ കൊച്ചിക്ക് വച്ച് പിടിച്ച ശേഷമുള്ള ജീവിതം ഞാന്‍ പലവുരു എഴുതിയിട്ടുണ്ടിവിടെ. സന്ധ്യാനാമം ചൊല്ലി പേടിച്ചരണ്ടിരുന്ന എന്നെ ഹോസ്റ്റലില്‍ സീനിയേഴ്സ് റാഗ് ചെയ്തിട്ടുണ്ട്. നന്നായി വിരട്ടിയിട്ടുണ്ട്. ഭയം കൊണ്ട് തിരികെ പോരാന്‍ പലവുരു പെട്ടിയെടുത്തപ്പോഴും വീടിന്റെ ഉത്തരവാദിത്വം വിലങ്ങ് തടിയായി നിന്നിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകളുമായി എറണാകുളത്ത് നല്ലയൊരു ജോലിക്ക് അലഞ്ഞിട്ടുണ്ട്. അന്നൊക്കെ ചേര്‍ത്ത് പിടിച്ച് ധൈര്യം തന്നത് മുകളില്‍ പറഞ്ഞ സീനിയേഴ്സും, റൂംമേറ്റസും ആണ്. പകല്‍ സമയം ഓഫീസിലും,രാത്രി ടാറ്റാ entry job ചെയ്ത് പഠിച്ച് ബിരുദാനന്തര ബിരുദം നേടി. അന്നൊന്നും ആരും ഉണ്ടായിരുന്നില്ല കൂടെ. ഒറ്റയ്ക്ക് ആയിരുന്നു ജീവിത യാത്ര . പലയിടത്ത് വീണ് വീണ്ടും എഴുന്നേറ്റ് വീണ്ടും നടന്ന് അങ്ങനെ അങ്ങനെ ....പക്ഷേ ഓരോ വീഴ്ചയ്ക്കും അറ്റം എണീക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ഒരു ധൈര്യമായിരുന്നു. നിസ്സഹായവസ്ഥയില്‍ പലപ്പോഴും ഗിരിനഗര്‍ മാതാവിന്റെ പള്ളിയിലെ കുഞ്ഞേശ്ശുവിനെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്. കണ്ണീരു വീണ് പള്ളിയുടെ തറ നനഞ്ഞിട്ടുണ്ട്.
 
കരഞ്ഞ് കരഞ്ഞ് തളര്‍ന്ന ഒരു നിമിഷം ഞാന്‍ കുതിക്കാന്‍ തുടങ്ങി. ഇപ്പോഴും എനിക്ക് അത്ഭുതമാണത്. വളരെ ചുരുക്കി വച്ച എന്റെ ലോകം വളരെ വിശാലമായി കാണാന്‍ തുടങ്ങി. ജീവിതത്തോട് വെറുപ്പും വാശിയും മാറി വല്ലാത്ത ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഓരോ ദിവസവും പുതുതായി കാണാന്‍ ഞാന്‍ ശീലിച്ചു. 'ആര്‍ക്കും വേണ്ടാത്ത ഒരുവളെന്ന പരാതി മറന്നു, ഒരുപാട് പേര്‍ക്ക് വേണ്ടവളായി. ഇനി കരയില്ലെന്ന് തീരുമാനിച്ചു. ചിരിച്ചു കോണ്ട് ജീവിക്കാന്‍ പഠിച്ചു. ധൈര്യമായി പറയാന്‍ പഠിച്ചു. അക്ഷരങ്ങില്‍ അഗ്നി നിറച്ചു. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് അളോളെ കണ്ടുമുട്ടി. ഒരുപാട് ജീവിതങ്ങള്‍ എന്നോട് സംസാരിച്ചു. ഓരോ നിമിഷവും എന്നെ ലോകം പുതുക്കി പണിതുകൊണ്ടിരുന്നു. ആദ്യത്തെ തൊട്ടാവാടിയില്‍ നിന്ന് ഇന്ന് ഇവിടെ വരെയുള്ള യാത്രാദൂരം വളരെ വലുതാണ് . ഈ ചെറിയ പ്രായത്തിനിടയില്‍ അത്രമേല്‍ ഞാന്‍ ജീവിതം തുഴഞ്ഞിട്ടുണ്ട്. അത്രമേല്‍ ജീവിതം എന്നെ തോല്‍പ്പിച്ചിട്ടുണ്ട്. അത്രയും ഞാനും ജീവിതത്തെ തോല്‍പ്പിച്ചിട്ടുണ്ട്.
 
ഇതെല്ലാം ഞാന്‍ പറഞ്ഞത് ആണായും,പെണ്ണായും കൂടെയുള്ള നല്ല സൗഹൃദങ്ങളോടല്ല. ഒരൊറ്റ പോസ്റ്റിട്ടതിലെ കുത്തിയൊലിച്ച് വന്ന മെസ്സേജുകള്‍ക്കിടയില്‍ ആര്‍ഷഭാരത സംസ്കാരം പഠിപ്പിക്കാന്‍ വന്ന നേരാങ്ങളമാരോട്. പുലഭ്‌യവും അസഭ്യവും പറഞ്ഞ് നിങ്ങള്‍ ഏത് സംസ്കാരം ആണ് എന്നെ പഠിപ്പിച്ച് തരുന്നത് ? എന്റെ ശരീരഭാഗങ്ങള്‍ വരെ വര്‍ണ്ണിച്ച് ഏത് ബഹുമാനം ആണ് നിങ്ങള്‍ എന്നെ പഠിപ്പിക്കുന്നത്? കൂടെ കിടക്ക വിരിക്കാന്‍ വിളിച്ചിട്ട് ഏത് അഭിമാനത്തെ കുറിച്ചാണ് നിങ്ങള്‍ എനിക്ക് ക്ളാസ്സ് എടുക്കുന്നത്? എതിരെ വരുന്ന ആണൊരുത്തനെ ഞാന്‍ നോക്കും എന്ന് പറഞ്ഞതിനര്‍ത്ഥം നീയൊക്കെ വിളിക്കുന്നിടത്ത് വന്ന് ഉടുമുണ്ട് അഴിക്കും എന്നല്ല. നീയൊക്കെ ഇന്‍ബോക്സില്‍ ഒട്ടിച്ചിട്ട് പോകുന്നതിന് മറുപടി തരാത്തത് കഴിവ് കേടെന്ന് ധരിക്കുകയും അരുത്. 
 
എന്റെ അച്ഛന്റേയും അമ്മയുടേയും കുടുംബത്തിന്റേയും അന്തസ്സോര്‍ത്ത് നീയൊന്നും ദണ്ണപ്പെടണ്ട. വിശപ്പെരിയുന്ന രാത്രികളില്‍ പോലും മുണ്ട് മുറുക്കി ഉടുത്ത് ജീവിച്ച അഭിമാനമുള്ള ഒരമ്മയുടെ അഭിമാനമുള്ള മകളാണ് ഞാന്‍ . ജീവിതം എനിക്ക് തമാശയല്ല സഹോദരന്‍മാരെ. സ്വന്തമായി അദ്ധ്വാനിച്ച് ഇരു കാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നത്, ചെറിയ ഈ ശരീരത്തിനുള്ളില്‍ ഉറച്ച ഒരു മനസ്സുള്ളത് കൊണ്ടാണ്. നിങ്ങളുടെ 'വെടിയെന്നും, വെടിപ്പുരയെന്നുമുള്ള വിളിക്ക് അതിനെ വിറപ്പിക്കാന്‍ കഴിയില്ല. 
 
നഖം കടിച്ച് കാല്‍വിരല്‍ കൊണ്ട് കളം വരച്ച് വാതില്‍ പടിയില്‍ മറഞ്ഞിരിക്കുന്ന പെണ്ണിന്റെ വിഗ്രഹം മനസ്സില്‍ നിന്ന് ഉടച്ച് എന്നേ കളഞ്ഞതാണ്. അതിനാല്‍ രണ്ടിഞ്ഞ് നീളമുള്ള സ്കെയിലില്‍ എന്റെ ജീവിതം അളക്കാന്‍ വരരുത്. നാഴിയില്‍ എന്റെ കോണ്‍ഫിഡന്‍സും അളക്കാന്‍ നില്‍ക്കരുത്.
 
മുകളില്‍ പറഞ്ഞതെല്ലാം വായിച്ച് കഴിഞ്ഞെങ്കില്‍, ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാന്‍. ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാന്‍. ധൈര്യമുണ്ടോ ഇനി നിനക്കൊക്കെ എന്റെ മാനത്തിന് മണിക്കൂറിന് വിലയിടാന്‍...ഉണ്ടെങ്കില്‍ ഇന്‍ബോക്സില്‍ അല്ല, എന്നെ ഞാന്‍ തന്നെ പറഞ്ഞ ഈ പോസ്റ്റിന് ചോട്ടില്‍ ധൈര്യമായി വരാം. അത് പറ്റിയില്ലെങ്കില്‍ കേട്ടാലറയ്ക്കുന്ന തെറിയുമായോ, നിന്റേക്കെ സദാചാര ം പഠിപ്പിക്കാനോ ഇന്‍ബോക്സില്‍ വന്ന് പോകരുത്. വന്നാല്‍ തിരിച്ച് ഞാനും ഒരു കോഴ്സ് അങ്ങോട്ടും പഠിപ്പിച്ച് വിടും. നല്ല വൃത്തിയായി തന്നെ....
Next Article