രാഷ്‌ട്രീയക്കാര്‍ വിനയം പാലിക്കുന്നവരാകണമെന്ന് മന്ത്രി ഇപി ജയരാജന്‍. ജനപ്രതിനിധികള്‍ ജനങ്ങളോട് വിനയത്തോട് കൂടി പെരുമാറണം. ഈ നിര്‍ദേശം തന്നെയാണ് അണികള്‍ക്കും നല്‍കിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ല. ടിപി ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകുമോ എന്ന കാര്യം തനിക്കറിയില്ല. എന്തു തീരുമാനം എടുത്താലും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിച്ച് അബദ്ധത്തില്‍ പെടാന്‍ താല്‍പ്പര്യമില്ല. അതിനാല്‍ തന്നെ ഷൊര്‍ണൂരിലെ പികെ ശശി എംഎല്‍എ പൊലീസിനോട് തട്ടിക്കയറിയതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കി.
അതേസമയം, പൊലീസിനെ പരസ്യമായി ശകാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിശദീകരണവുമായി പികെ ശശി എംഎല്‍എ രംഗത്തെത്തി. ശകാരിച്ചതില്‍ പൊതുസമൂഹത്തിന് തെറ്റെന്ന് തോന്നുന്നുവെങ്കില്‍ അതില്‍ ഖേദിക്കുന്നു.
പോക്രിത്തരം എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത് നെറികേടെന്ന് അര്‍ഥമാക്കിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനപ്രതിനിധി എന്ന നിലയില്‍ അപക്വമായ എന്തെങ്കിലും വാക്കുകള്‍ വന്നിട്ടുണ്ട്, അങ്ങനെ എനിക്ക് തോന്നുന്നില്ല എങ്കിലും അങ്ങനെ തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും അതില്‍ വലിയ ഖേദമുണ്ട്. സംഘര്‍ഷം നടന്ന സ്ഥലത്ത് ചെന്നപ്പോള്‍ വൈകാരികപരമായിട്ടായാണ് പ്രതികരിച്ചത്. എന്നാല്‍ അക്രമങ്ങളെ അവഗണിച്ച് താന്‍ പറഞ്ഞത് അടര്‍ത്തിമാറ്റി തന്നെ മോശക്കാരനാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.