കുട്ടിക്കാലത്ത് നീന്തൽ പഠിക്കാനായി ക്ഷേത്രക്കുളത്തിൽ പോയിട്ടുള്ളതല്ലാതെ എനിക്ക് ക്ഷേത്രവുമായി മറ്റ് ബന്ധങ്ങളൊന്നുമില്ല; ആരോപണത്തിനു പിന്നിൽ ഗൂഢാലോചന - ജയരാജൻ

വെള്ളി, 21 ഒക്‌ടോബര്‍ 2016 (19:28 IST)
ക്ഷേത്രത്തിനായി തേക്കുതടി സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്ക് കത്തെഴുതിയ സംഭവത്തിൽ വിശദീകരണവുമായി മുൻ മന്ത്രി ഇപി ജയരാജൻ. സൗജന്യമായി തേക്ക് നൽകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയരാജൻ പ്രതികരിച്ചു.

കല്യാശേരി നിയോജക മണ്ഡത്തിൽപ്പെടുന്ന ഇരിണാവ് ക്ഷേത്രം തന്റെ കുടുംബക്ഷേത്രമല്ല, ദേവസ്വത്തിന്റേതാണ്. എനിക്ക് കുടുംബക്ഷേത്രമില്ല. ക്ഷേത്രം ഭാരവാഹികളുടെ കത്താണ് വനംവകുപ്പിന് കൈമാറിയത്. സൗജന്യമായി തേക്ക് നൽകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. കുട്ടിക്കാലത്ത് നീന്തൽ പഠിക്കാനായി ക്ഷേത്രക്കുളത്തിൽ പോയിട്ടുള്ളതല്ലാതെ തനിക്ക് ക്ഷേത്രവുമായി മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും ജയരാജൻ തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

അതേസമയം, ജയരാജൻ തേക്ക് തടി ആവശ്യപ്പെട്ട ക്ഷേത്രം ജയരാജന്റെ കുടുംബക്ഷേത്രമല്ലെന്നു ഇരിണാവ് ചുഴലി ഭഗവതിക്ഷേത്ര ഭാരവാഹികളും പറഞ്ഞു. മലബാർ ദേവസ്വംബോർഡിനു കീഴിലുള്ളതാണു ക്ഷേത്രം. ജയരാജന്റെ തറവാട് വീടിനോടു ചേർന്നാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര നവീകരണം നടക്കുന്ന സമയത്തു സഹായം ആവശ്യപ്പെട്ടു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി മന്ത്രിയെ കണ്ട് അപേക്ഷ നൽകിയിരുന്നതായും ഭാരവാഹികൾ പറഞ്ഞു.

ഇരിണാവ് ക്ഷേത്രത്തിന്‍റെ നവീകരണത്തിനായി 1200 ക്യുബിക് മീറ്റർ തേക്കുതടി സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് സ്വന്തം ലെറ്റർ പാഡിൽ ജയരാജൻ നൽകിയ അപേക്ഷ വാർത്താ ചാനലുകൾ പുറത്തുവിട്ടതോടെയാണ് ഇപി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

വെബ്ദുനിയ വായിക്കുക