വിവിധ ആവശ്യങ്ങളുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കഴിഞ്ഞ ഒമ്പതു ദിവസങ്ങളായി നടത്തിവന്ന സമരത്തിന് സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണം. സമരക്കാര്‍ ഉന്നയിച്ച ഒമ്പത് ആവശ്യങ്ങളില്‍ നാല് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ ജനുവരി 26 മുതല്‍ നടത്തിവരുന്ന സമരം പിന്‍വലിക്കുന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരപ്പന്തലിലെത്തി പ്രഖ്യാപിച്ചു.
ദുരന്ത ബാധിതര്‍ക്ക് മൂന്നുലക്ഷം രൂപ വരെ ധനസഹായം നല്കാന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനായുള്ള നടപടികള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കും. തീരുമാനം എടുക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനും യോഗത്തില്‍ തീരുമാനമായി. ദുരിതബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിച്ചു. ഇതോടെ, 5387 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. 610 പേരെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തും. ദുരന്ത ബാധിതരെ മൂന്നു ഗണത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.