വിമാനത്തിന് തീ പിടിച്ചപ്പോള്‍ ലാപ്‌ടോപ്പിനും ബാഗിനുമായി ബഹളം വച്ചു; പുറത്തിറങ്ങിയപ്പോള്‍ ഫോട്ടോ എടുക്കനുള്ള വെപ്രാളം - മലയാളികളുടെ സ്വഭാവത്തില്‍ ആശ്ചര്യപ്പെട്ട് എമിറേറ്റ്‌സ് ജീവനക്കാര്‍

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (14:55 IST)
എമിറേറ്റ്സ് എയർലൈൻസ് ഇകെ 521വിമാനം തീ ഗോളമായി തീരുന്നതിന് മുമ്പ് എമിറേറ്റ്‌സ് ജീവനക്കാര്‍ നടത്തിയ ധീരമായ പ്രവര്‍ത്തനമാണ് 282 പേരുടെ ജീവന്‍ രക്ഷിച്ചത്. 226 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെങ്കിലും ഇതില്‍ ഭൂരിഭാഗം പേരും മലയാളികളായിരുന്നു.

വിമാനം തീ പിടിച്ചയുടന്‍ എമർജൻസി എക്സിറ്റിലൂടെ 45 സെക്കൻഡിനുള്ളിൽ യാത്രക്കാരെയെല്ലാം പുറത്തിറക്കാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കുട്ടികളുമായി സ്ത്രീകളടക്കം യാത്രക്കാരെല്ലാം വിമാനത്തിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു. ഇതിനിടെയാണ് മലയാളികളുടെ ആശ്ചര്യപ്പെടുത്തുന്ന ചില പ്രവര്‍ത്തനങ്ങള്‍ നടന്നത്.

എത്രയും വേഗം യാത്രക്കാര്‍ എമര്‍ജന്‍സി വാതിലൂടെ പുറത്തിറങ്ങണമെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ സ്വന്തം ബാഗുകളും ലാപ്‌ടോപ്പുകളും എടുക്കാനുള്ള തിരക്കിലായിരുന്നു മലയാളികള്‍. ചിലര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും ശ്രമിക്കുകയായിരുന്നു. ഈ ദൃശ്യത്തിലാണ് ലാപ്‌ടോപ്പിനായി മുറവിളി കൂട്ടുന്ന മലയാളിയുടെ ദൃശ്യം പുറത്തുവന്നത്. നിങ്ങളുടെ വസ്‌തുക്കള്‍ ഉപേക്ക്ഷിച്ച് എത്രയും വേഗം രക്ഷപ്പെടുക എന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ആണ് മലയാളികള്‍ ബാഗും ലാപ്‌ടോപ്പും എടുക്കാന്‍ ബഹളം വച്ചത്.

എമര്‍ജന്‍‌സി വാതിലിലൂടെ പുറത്തിറങ്ങിയ പല മലയാളികളും സുന്ദരമായ നിമിഷം കാണുന്നതു പോലെ നോക്കി നില്‍ക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. പലരും കൂട്ടമായി നിന്ന് ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെ വിമാനം ഉടന്‍ പൊട്ടിത്തെറിക്കുമെന്ന് വ്യക്തമായ ജീവനക്കാര്‍ ഇവരെ നിര്‍ബന്ധിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. പിന്നാലെ വിമാനം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും പൂര്‍ണ്ണമായി കത്തി തീരുകയും ചെയ്‌തു.

അഗ്നിബാധയിൽ വിമാനത്തിന്റെ മുക്കാൽ ഭാഗവും കത്തിപ്പോയിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകളെല്ലാം നഷ്ടപ്പെട്ടതായാണ് വിവരം. അതേസമയം, വിമാനത്തിലെ യാത്രക്കാരുടെ രാജ്യം തിരിച്ചുള്ള കണക്ക് പുറത്തുവിട്ടു. 282 യാത്രക്കാരിൽ മലയാളികളടക്കം 226 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Next Article