ആനവേട്ട: ഫാം ഉടമ മനോജ് അറസ്റ്റില്‍; തോക്കുകള്‍ പിടിച്ചെടുത്തു

വെള്ളി, 24 ജൂലൈ 2015 (08:25 IST)
ഇടമലയാര്‍ ആനവേട്ടക്കേസില്‍ പ്രതിയായ വാസുവിനെ സഹായിച്ചിരുന്നത് വാസു ഒളിവില്‍ താമസിച്ച മഹാരാഷ്ട്രയിലെ ഫാമിന്റെ ഉടമ മനോജാണെന്ന് വ്യക്തമായി. മനോജിന്റെ വീട്ടില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ടു തോക്കുകള്‍ കണ്ടെത്തുകയും ചെയ്‌തു. വാസുവിനെ സഹായിച്ചതായി വ്യക്തമായി തെളിവ് ലഭിച്ചതോടെ മനോജിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്‌റ്റ് ചെയ്‌തു. വൈകിട്ട് മനോജിനെ കോടതിയില്‍ ഹാജരാക്കും.

വാസുവിന്‍റെ മരണശേഷം മനോജിനെ വനംവകുപ്പ് പലതവണ ചോദ്യം ചെയ്തിരുന്നു. വാസുവിനെ മുന്‍പരിചയമില്ലെന്നും ആനവേട്ട നടത്തുന്ന ആളാണെന്ന അറിയില്ലെന്നുമാണ് മനോജ് മൊഴി നല്‍കിയിരുന്നത്. സംശയം തോന്നിയ വനംവകുപ്പ് മനോജിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തുകയായിരുന്നു. തുടര്‍ന്നാണ് പരിശോധനയില്‍ ആനവേട്ടക്ക് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് തോക്കുകള്‍ പിടിച്ചെടുത്തു. ലൈന്‍സന്‍സുള്ള തോക്കുകളാണ് പിടിച്ചെടുത്തത്.

ഒരു വർഷം മുന്പ് മഹാരാഷ്ട്രയിലെത്തിയ മനോജിനെ കുറിച്ച് അവിടത്തെ മലയാളികൾക്കും കാര്യമായൊന്നും അറിയില്ല. തോട്ടത്തിൽ പണിയെടുത്തിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് മനോജിനെ കുറിച്ച് വിവരം ലഭിക്കുന്നത്.
പെരുമ്പാവൂര്‍ ഐരാപുരം സ്വദേശിയായ മനോജിന്‍റെ മഹാരാഷ്ട്രയിലെ ഫാമിലായിരുന്നു ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, ഇടമലയാര്‍ ആനവേട്ടക്കേസില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവർക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍കേന്ദ്ര വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. ആസൂത്രിതമായ ആനവേട്ടയാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ആനവേട്ടക്കേസ് അന്വേഷണത്തിന് ദേശീയ ഏജൻസിയായ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ സഹായം തേടുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആനവേട്ടക്കേസിലെ മുഖ്യപ്രതി കുട്ടമ്പുഴ കൂവപ്പാറ ഐക്കരമറ്റം വാസു (52)വിന്റെ മരണത്തോടെ കേസ് വനംവകുപ്പിൽനിന്നു മാറ്റി മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക