ഇടമലയാര്‍ ആനവേട്ടക്കേസിലെ രണ്ടാം പ്രതി പുത്തന്‍പുരയ്ക്കല്‍ എല്‍ദോസ് കോടതിയില്‍ കീഴടങ്ങി. കോതമംഗലം ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എല്‍ദോസ് അഭിഭാഷകനൊപ്പമെത്തി കീഴടങ്ങിയത്. കോടതി നടപടികള്‍ ആരംഭിക്കുമ്പോള്‍ ജാമ്യത്തിനുള്ള അപേക്ഷ ഇയാള്‍ നല്‍കും.
ആനവേട്ട കേസില്‍ കൊമ്പുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു നല്‍കിയത് എല്‍ദോസിന്റെ കാറിലാണ്. മുഖ്യപ്രതി ഐക്കരമറ്റം വാസുവിന്റെ മരണത്തിനു ശേഷം പോലീസ് ഇയാളെ പിടികൂടുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ കീഴടങ്ങുവാന്‍ അനുവദിക്കണമെന്നു കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു നല്‍കുകയുമായിരുന്നു.
അതേസമയം, ഇടമലയാര്‍ ആനവേട്ടക്കേസില്‍ പ്രതിയായ വാസുവിനെ സഹായിച്ചിരുന്നത് വാസു ഒളിവില്‍ താമസിച്ച മഹാരാഷ്ട്രയിലെ ഫാമിന്റെ ഉടമ മനോജാണെന്ന് വ്യക്തമായി. മനോജിന്റെ വീട്ടില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ടു തോക്കുകള്‍ കണ്ടെത്തുകയും ചെയ്‌തു. വാസുവിനെ സഹായിച്ചതായി വ്യക്തമായി തെളിവ് ലഭിച്ചതോടെ മനോജിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്‌റ്റ് ചെയ്‌തു. വൈകിട്ട് മനോജിനെ കോടതിയില്‍ ഹാജരാക്കും.