സ്ഥാനാർഥികൾ പുകവലിക്കരുത്, മദ്യം കഴിക്കരുത്, ദൈവവിശ്വാസി ആയിരിക്കണം; നിലപാട് വ്യക്തമാക്കി കെ സി ബി സി

തിങ്കള്‍, 9 മെയ് 2016 (17:10 IST)
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ജനങ്ങൾ വിധി നിർണയിക്കേണ്ടത് ദൈവവിശ്വാസികളായ സ്ഥാനാർഥികൾക്കെന്ന് കേരള കാത്തലിക് ബിഷപ് കൗൺസിൽ വ്യക്തമാക്കി. സ്ഥാനാർഥികൾ മദ്യപാനിയായിരിക്കരുതെന്ന് വോട്ടർമാർ ഉറപ്പ് വരുത്തണമെന്നും കെ സി ബി സി പറയുന്നു.
 
മദ്യപാനവും പുകവലിയും ഇല്ലാത്ത സ്‌ഥാനാര്‍ത്ഥികളെ മാത്രം വോട്ടുചെയ്‌ത് വിജയിപ്പിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്ന് കെ സി ബി സി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ പോള്‍ മടശേരി പുറത്തിറക്കിയ പത്രകുറിപ്പിലാണ് വ്യക്തമാക്കുന്നത്. സ്ഥാനാര്‍ഥികളുടെ മൂല്യബോധവും ദൈവവിശ്വാസവും വിലയിരുത്തപ്പെടണമെന്നും ദൈവവിശ്വാസികളാണോ എന്നും വോട്ടർമാർ പരിശോധിക്കണമെന്നും കുറിപ്പിൽ പറയുന്നു.
 
തെരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ്‌ നിലപാട്‌ വ്യക്‌തമാക്കി കെ സി ബി സി രംഗത്തെത്തിയിരിക്കുന്നത്‌. വ്യക്തിതാല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അപ്പുറം പൊതുനന്മ ലക്ഷ്യമാക്കണം. സ്ഥാനാര്‍ത്ഥിയുടെ വ്യക്തി സ്വഭാവം കൂടി പരിഗണിക്കണമെന്നും അറിയിച്ച് കൊണ്ട് കെ സി ബി സി നേരത്തേ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

 

വെബ്ദുനിയ വായിക്കുക