അധ്യാപക ദിനത്തിൽ മുഖ്യമന്ത്രി ക്ലാസെടുക്കും, വിഷയം ജീവിത ശൈലി!

വ്യാഴം, 25 ഓഗസ്റ്റ് 2016 (16:12 IST)
നാലു ചുവരുകൾക്കുള്ളിൽ വിദ്യയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച് കുട്ടികളെ വിദ്യാസമ്പന്നരാക്കാൻ ഒരു ജന്മം മുഴുവൻ അവരോടൊപ്പം നിൽക്കുന്നവരാണ് അധ്യാപകർ. സെപ്തംബർ 5 അധ്യാപക ദിനമാണ്. ഈ ദിവസം ക്ലാസെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും. ക്ലാസെടുത്ത് കൊണ്ടായിരിക്കും അധ്യാപക ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. ജീവിത ശൈലി എന്നതാണ് വിഷയം. സ്കൂളിലെ പൂര്‍വാധ്യാപകര്‍ ക്ലാസെടുത്തുകൊണ്ടാകും സ്കൂള്‍തല ഉദ്ഘാടനം നടക്കുക.
 
തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിയിൽ മദ്യം, മയക്കുമരുന്ന്, അലസത, പുകയില ഉൽപ്പന്നങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയും വിഷയമാകും. ധന, ആരോഗ്യ, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിമാര്‍ സമാന്തരമായി ഇതേ സ്കൂളില്‍ ക്ലാസുകൾ എടുക്കും. എല്ലാ മന്ത്രിമാരും എം എല്‍ എമാരും ഇത്തരത്തില്‍ ഏതെങ്കിലും സ്കൂളുകളിൽ ക്ലാസെടുക്കും. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക