അധ്യാപകര്‍ക്ക് ആശങ്ക വേണ്ട; അധികംവരുന്ന അധ്യാപകരുടെ ശമ്പളം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ്

ശനി, 28 മെയ് 2016 (10:10 IST)
സംസ്ഥാനത്ത് അധികം വരുന്ന അധ്യാപകരുടെ ശമ്പളം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. സ്റ്റാഫ് ഫിക്സേഷന്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അധികം വരുന്ന അധ്യാപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടുമായി വിദ്യാഭ്യാസമന്ത്രി എടുത്തത്. ശമ്പളം ലഭിക്കില്ലെന്ന സര്‍ക്കുലര്‍ കാര്യമാക്കേണ്ടതില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഒരു വാര്‍ത്താചാനലിനു നല്കിയ അഭിമുഖത്തിലാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് ആശങ്ക വേണ്ട. അധ്യാപകരുടെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളില്‍ കുട്ടികളുടെ കുറവ് നിമിത്തം ആറായിരത്തോളം അധ്യാപകരുടെ ജോലി പ്രതിസന്ധിയില്‍ ആയിരുന്നു.
 
ഡിവിഷന്‍ ഇല്ലാതായതോടെ ലീവ് എടുത്തുപോകാന്‍ ചില എ ഇ ഒമാര്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. തസ്തിക നഷ്‌ടപ്പെടുന്ന അധ്യാപകരെ പുനര്‍വിന്യസിക്കുന്നത് വരെ ശമ്പളം നല്കേണ്ടെന്ന തരത്തിലും ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, ഇത് കാര്യമാക്കേണ്ടതില്ലെന്ന നിലപാടാണ് വിദ്യാഭ്യാസമന്ത്രിയുടേത്.

വെബ്ദുനിയ വായിക്കുക