വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഏര്‍പ്പെടുത്തിയ ഇ-ഡിക്ലറേഷന്‍ സംവിധാനത്തിലൂടെ നികുതി ചോര്‍ച്ച തടയാനായെന്ന് ധനമന്ത്രി കെഎം മാണി. ഇതേതുടര്‍ന്നുണ്ടായ ഗതാഗതപ്രശ്‌നം പരിഹരിക്കാനായെന്നും അദേഹം നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പുതിയ സംവിധാനത്തിലൂടെ ചരക്കുഗതാഗതം സുഗമമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണത്തിന്റെ ഭാഗമായി പത്തിരട്ടി ക്രമക്കേടുകള്‍ കണ്ടെത്താനായി.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതലസമിതിയുടെ നിര്‍ദേശപ്രകാരമാണ് വാളയാറില്‍ ഇ- ഡിക്ലറേഷന്‍ സംവിധാനം നടപ്പാക്കിയത്. പുതിയ സംവിധാനത്തിലൂടെ കൂടുതല്‍ ഡിക്ലറേഷനുകള്‍ വാളയാറില്‍ ലഭിക്കുന്നുണ്ട്. പുതിയ സംവിധാനം അനുസരിച്ച് കേരളത്തിലെ ചരക്ക് വില്‍ക്കുന്ന വ്യാപാരികള്‍ക്കും ചരക്ക് വാങ്ങുന്നവര്‍ക്കും മാത്രമായിരിക്കും ഇ- ഡിക്ലറേഷന്‍ നല്‍കാന്‍ കഴിയുക.
ഇവര്‍ക്ക് നല്‍കിയിരിക്കുന്ന പ്രത്യേക പാസ്‌വേഡ് ഉപയോഗിച്ച് 8-എഫ് ഇ- ഡിക്ലറേഷന്‍ പ്രിന്റൗട്ട് ലഭിക്കും. എന്നാല്‍ ആലോചനയില്ലാതെ നടപ്പാക്കിയ പരിഷ്‌കരണം വാളയാര്‍ ചെക്ക്‌പോസ്റ്റിനെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.