ഇ ഡി റെയ്ഡിന് തൊട്ടുമുന്‍പെ ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികളായ ഹൈറിച്ച് ഉടമകള്‍ സ്ഥലം വിട്ടതായി റിപ്പോര്‍ട്ട്. ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് വിവരം പുറത്തറിയിച്ചത്. കറുത്ത മഹീന്ദ്ര ജീപ്പിലാണ് പ്രതികളായ ഹൈറിച്ച് ഉടമ പ്രതാപന്‍,ഭാര്യ സീന, ഡ്രൈവർ സരണ്‍ എന്നിവര്‍ രക്ഷപ്പെട്ടതെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതീവരഹസ്യമായാണ് ഇ ഡി ഉദ്യോഗസ്ഥര്‍ തൃശൂരിലെ വീട്ടില്‍ റെയ്ഡ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ഇവരെത്തും മുന്‍പ് തന്നെ പ്രതികള്‍ അവര്‍ക്ക് മുന്നിലൂടെ രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാനായി തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് സഹായം തേടി ഇ ഡി ഉദ്യോഗസ്ഥര്‍ കത്തുനല്‍കിയിട്ടുണ്ട്. 100 കോടിയോളം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. ഹൈറിച്ച് ഓണ്‍ലൈനുമായി ബന്ധപ്പെട്ട് 1,630 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള പോലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഇതെന്ന് പോലീസ് പറയുന്നു.
1,63,000 ഉപഭോക്താക്കളില്‍ നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുള്ളവയില്‍ നിന്നും വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്താണ് കമ്പനി പണം തട്ടിയത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് െ്രെപവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയാകെ 680 ശാഖകളുമുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.