രാത്രികാല കാഴ്ചകള്‍ കണ്ടുല്ലസിക്കുന്നതിനോടൊപ്പം മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ജന്മദിനം, വിവാഹ വാര്‍ഷികം, ഒത്തുചേരലുകള്‍ തുടങ്ങിയ വിവിധ ആഘോഷങ്ങള്‍ നഗരക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ നടത്തുന്നതിനുള്ള പുതിയ കാല്‍വെപ്പാണ് ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ്.
കോപ്റ്റ് അവന്യൂ വോക്ക് വേയിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് ഇടത്തോട്ട് തിരിയും. തുടര്‍ന്ന് തേവര വഴി മറൈന്‍ഡ്രൈവ്, ഹൈക്കോടതി, മൂന്ന് ഗോശ്രീ പാലങ്ങള്‍ കയറി കാളമുക്ക് ജംഗ്ഷനില്‍ എത്തിച്ചേരും. കാളമുക്ക് ജംഗ്ഷനില്‍ നിന്നും തിരിച്ച് രാത്രി 8 മണിയോടെ തിരികെ ബസ് സ്റ്റാന്‍ഡില്‍ എത്തും. മൂന്നുമണിക്കൂര്‍ യാത്രയില്‍ 29 കിലോമീറ്റര്‍ ആണ് സഞ്ചരിക്കുന്നത്.
ബസ്സിന്റെ മുകളിലത്തെ നിലയില്‍ 39 സീറ്റുകളും താഴത്തെ നിലയില്‍ 24 സീറ്റുകളും ഉള്‍പ്പെടെ 63 സീറ്റുകളാണ് തയ്യാറായിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നേരിട്ടെത്തിയും സീറ്റ് ബുക്കിങ്ങിനുള്ള സംവിധാനം ഒരുക്കും. ഡബിള്‍ ഡെക്കര്‍ ബസ് ആലുവ റീജണല്‍ വര്‍ക്ക്‌ഷോപ്പില്‍ അവസാനഘട്ട പണിയിലാണ്. ഉദ്ഘാടന ദിവസം ബസ് എറണാകുളത്ത് എത്തിക്കും.