തെരുവ്‌നായ്ക്കള്‍ പെരുകുന്നത് തടയാനുളള പദ്ധതി ആഗസ്റ്റ് മുതല്‍
വെള്ളി, 18 ജൂലൈ 2014 (17:09 IST)
തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ പെരുകുന്നത് തടയാന്‍ നടപ്പാക്കുന്ന പദ്ധതി ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭയില്‍ മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ അനിമല്‍ ബര്‍ത്ത് കണ്ട്രോള്‍ പ്രോഗ്രാമും സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് പദ്ധതി.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ശ്രീകാര്യത്തെ ഞണ്ടൂര്‍ക്കോണം, കൊയ്ത്തൂര്‍ക്കോണം മൃഗാശുപത്രികള്‍ സജ്ജീകരിച്ച് തെരവുനായ്ക്കളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും വിധേയമാക്കും. മൃഗസംരക്ഷണ വകുപ്പിന്റെയും തിരുവനന്തപുരം സായിഗ്രാമം ഓര്‍ഫനേജ് ട്രസ്റ്റിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് വിവിധമൃഗാശുപത്രികളിലെ 15 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.
നിയമസഭ, എംഎല്‍എ ക്വാര്‍ട്ടേഴ്‌സ്, സെക്രട്ടേറിയറ്റ് എന്നിവയുടെ പരിസരങ്ങള്‍ ആദ്യഘട്ടത്തില്‍ തെരുവുനായ വിമുക്തമാക്കാന്‍ നടപടി സ്വീകരിക്കും. വന്ധ്യംകരണത്തിനും പ്രതിരോധത്തിനുമാവശ്യമായ ഉപകരണങ്ങള്‍, മരുന്ന് എന്നിവ ലഭ്യമാക്കാനും നടപടിയെടുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പദ്ധതി ക്രമേണ സംസ്ഥാനത്തെ നഗരങ്ങളിലേയും വ്യാപിപ്പിക്കാനാവണമെന്ന് മന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു.