ശശി തരൂരിന് വൻ വെല്ലുവിളി, രണ്ടും കൽപ്പിച്ച് കുമ്മനം ! - അമിത് ഷായുടെ കിടിലൻ ബുദ്ധി

വെള്ളി, 8 മാര്‍ച്ച് 2019 (14:47 IST)
നാളുകൾ നീണ്ട് ആകാംഷയ്ക്ക് അന്ത്യം. കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി രാജിവെച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും കുമ്മനത്തെ മത്സരിപ്പിക്കാനാണ് ബിജെപി ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. രാജിയെ തുടർന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി കുമ്മനം രാജശേഖരൻ ഫോണിൽ സംസാരിച്ചു. 
  
ശബരിമല വിഷയത്തെ തുടര്‍ന്ന് ബിജെപി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സുരേഷ് ഗോപി, കെ സുരേന്ദ്രൻ എന്നിവരെ പരിഗണിച്ചെങ്കിലും കുമ്മനത്തിന്റെ ജനസമ്മതം മറ്റാർക്കുമില്ലാത്തതിനാൽ തന്നെയാണ് അവിടെ കുമ്മനത്തെ മത്സരിപ്പിക്കാൻ ധാരണയായത്.  
 
ഇതോടെ തിരുവനന്തപുരത്ത് ശശി തരൂരിനും സി ദിവാകരനും ഇത്തവണ കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും എന്നുറപ്പായിരിക്കുകയാണ്. കുമ്മനത്തോട് ഏറ്റുമുട്ടാൻ മറ്റ് രണ്ട് പേർക്കും കഴിയുമോയെന്നും ചോദ്യങ്ങളുയരുന്നുണ്ട്. ശശി തരൂരിനെ മികച്ച ജനപിന്തുണയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. 
 
മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുളള നീക്കം പരാജയപ്പെട്ടതോടെയാണ് കുമ്മനത്തിന് വേണ്ടിയുളള മുറവിളി ശക്തമായത്. അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും കുമ്മനത്തെ മടക്കി വിളിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.  
 
കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കേണ്ടതിന്റെ ആവശ്യകതയാണ് ബിജെപിയെ മാറ്റി ചിന്തിപ്പച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടാണ് കുമ്മനത്തെ രാജിവെപ്പിക്കാനും മത്സരിപ്പിക്കാനുളള തീരുമാനം എടുത്തത്. എങ്കിലും ഇതിനു പിന്നിലെ ബുദ്ധിയും അന്തിമ തീരുമാനവും അമിത് ഷായുടെ തന്നെ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍