ഡോക്‌ടര്‍മാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി: ആരോഗ്യമന്ത്രി
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (16:20 IST)
സാധാരണക്കാരായ രോഗികളുടെ കഷ്‌ടതകള്‍പോലും കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഒരുവിഭാഗം ഡോക്‌ടര്‍മാര്‍ സമരം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. സമരം ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കും. സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്‌തമാക്കി.
സംഘടന ഉന്നയിച്ച 16 ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടവയെല്ലാം അംഗീകരിക്കുകയും മറ്റുചില ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്‌തതാണ്. എന്നിട്ടും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികളുടെ കഷ്‌ടതകള്‍പോലും കണക്കിലെടുക്കാതെയാണ് ഒരുവിഭാഗം ഡോക്‌ടര്‍മാര്‍ സമരം നടത്തുന്നത്. ഈ സാഹചര്യത്തില്‍ നടക്കുന്നത് അനാവശ്യ സമരമാണെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
സാമൂഹിക പ്രതിബദ്ധതയും തൊഴിലിന്റെ മാന്യതയും വിസ്‌മരിച്ചുകൊണ്ടുള്ള ഈ സമരം അംഗീകരിക്കാനാവില്ലെന്നും ഡോക്‌ടര്‍മാര്‍ അതില്‍നിന്ന് പിന്മാറണമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നതാണ്. എന്നിട്ടാണ് ഒരു വിഭാഗം ഡോക്‌ടര്‍മാര്‍ സമരം തുടരുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.