നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരാണത്രേ മാവോയിസ്റ്റുകള്‍?! - സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍

ചൊവ്വ, 13 മാര്‍ച്ച് 2018 (11:50 IST)
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നിന്നും മുംബൈയിലേക്ക് നടന്ന കര്‍ഷക റാലി സമരത്തെ  മാവോയിസ്റ്റ് കലാപമെന്ന് അധിക്ഷേപിച്ച കെ.സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
 
നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളിപ്പോള്‍ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗം സ്വപ്നം കാണാന്‍ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തെ അവര്‍ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരുമെന്നും അദ്ദേഹം പറയുന്നു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
അടുത്ത ലോക്സഭാ ഇലക്ഷന്‍ വരെ സമരം ചെയ്യുന്ന എല്ലാ ആള്‍ക്കാരും ഒന്നുകില്‍ മാവോ വാദികളോ അല്ലെങ്കില്‍ വിധ്വംസക ശക്തികളോ ആയി മുന്‍കൂര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അവരെല്ലാം വലിയ കലാപകാരികളാണ്. പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകള്‍ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപിനേതാക്കന്മാര്‍ നടത്തുന്നത്.
 
നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണില്‍ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോള്‍ എങ്ങനെ കാണും.
 
നിങ്ങളിപ്പോള്‍ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗം സ്വപ്നം കാണാന്‍ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തെ അവര്‍ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരും.
 
സമരം സംഘടിപ്പിച്ചത് സി.പി.ഐ.എമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ മിസ്റ്റര്‍ സുരേന്ദ്രന്‍ അവരുടെ കയ്യില്‍ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു.
 
നിങ്ങളുടെ ചെറിയ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്. ഉയര്‍ന്നുവരുന്ന സമരങ്ങളെയൊക്കെ വിധ്വംസക പ്രവര്‍ത്തനമാക്കുന്ന കളിക്കുപിന്നില്‍ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍