ഒരു മുഴം കയറില്‍, ഒരു കുപ്പി വിഷത്തില്‍, പിടഞ്ഞു തീര്‍ന്ന, റെയില്‍പാളത്തില്‍ ചിതറി തെറിച്ച അനേകായിരങ്ങളുടെ പിന്മുറക്കാരും ഉറ്റവരുമാണവര്‍. ഒരേ വര്‍ഗ്ഗത്തില്‍ നിന്നാണവര്‍ വരുന്നത്. കര്‍ഷകരും ആദിവാസികളും . മലഞ്ചൂരല്‍ മടയില്‍ നിന്നും കരീലാഞ്ചിക്കാട്ടില്‍ നിന്നും വിളവൊടുങ്ങിയ പാടങ്ങളില്‍ നിന്നും അതിജീവനത്തിന്‍റെ പോർമുഖങ്ങളിലേക്ക് ഒരു ചുവന്ന ലാവയായി ഒഴുകുകയായിരുന്നു ലോങ്ങ് മാര്‍ച്ച്. ആ മഹാപ്രവാഹം മഹാ നഗരത്തെ ചെങ്കടല്‍തിരകളായി വലയം ചെയ്തു. പതിതരായ മനുഷ്യരുടെ നിശ്ചയദാര്‍ഢ്യം അധികാര ഹുങ്കിന്‍റെ കാവികോട്ടകളെ വിറകൊള്ളിച്ചത് സമകാലിക ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ കാഴ്ച്ചകളിലൊന്നായിരുന്നു.