നോട്ടുകള്‍ അസാധുവാക്കപ്പെട്ട രാത്രിയില്‍ കൊച്ചിയില്‍ നടന്നത് വമ്പന്‍ കച്ചവടം; കോടികളുടെ കള്ളപ്പണം വെളുത്ത ആ രാത്രിയെക്കുറിച്ച് കസ്റ്റംസ് അന്വേഷിക്കും

വ്യാഴം, 17 നവം‌ബര്‍ 2016 (14:30 IST)
രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയ രാത്രിയില്‍ കൊച്ചിയിലെ ജ്വല്ലറികളില്‍ നടന്ന വന്‍ കച്ചവടത്തെക്കുറിച്ച് കസ്റ്റംസ് അന്വേഷിക്കും. കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്ക് എതിരെയാണ് കസ്റ്റംസ് അന്വേഷണം നടത്തുക. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കപ്പെട്ട രാത്രിയില്‍ ആയിരുന്നു കൊച്ചിയിലെ ജ്വല്ലറികളില്‍ വന്‍തോതില്‍ സ്വര്‍ണക്കച്ചവടം നടന്നത്.
 
കൊച്ചിയിലെ എല്ലാ ജ്വല്ലറികളിലും വില്പന സംബന്ധിച്ച് കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍, 15 ജ്വല്ലറികളില്‍ അനധികൃത വില്പന നടന്നതായി കണ്ടെത്തിയിരുന്നു. കണക്കില്‍പ്പെടാത്ത സ്വര്‍ണം വില്പന നടത്തിയതായും കള്ളപ്പണ ഇടപാടിന് സ്വര്‍ണ വില്പന ഉപയോഗപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു.
 
കോടികളുടെ കള്ളപ്പണം അന്നേദിവസം രാത്രിയില്‍ സ്വര്‍ണം വാങ്ങാനായി ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ദിവസങ്ങളില്‍ മൂന്നു കിലോ സ്വര്‍ണം വില്പന നടത്തിയിരുന്ന ജ്വല്ലറികളില്‍ ഈ ദിവസം 30 കിലോ സ്വര്‍ണം വരെ വില്പന നടത്തിയെന്നാണ് വിവരം.
 
പരിശോധനയുടെ ഭാഗമായി ഏഴ്, എട്ട് തിയതികളിലെ വില്പന രജിസ്റ്റര്‍, സി സി ടി വി ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക