നോട്ട് പ്രതിസന്ധിയിൽ നഷ്ടം 700 കോടി; കടുത്ത വെല്ലുവിളിയെന്ന് തോമസ് ഐസക്

തിങ്കള്‍, 2 ജനുവരി 2017 (12:02 IST)
നോട്ട് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. 700 കോടി രൂപയാണ് ഇതേതുടർന്ന് സംസ്ഥാനത്തിന്റെ വരുമാന നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുക എന്നത് കടുത്ത വെല്ലുവിളി ഉയർത്തുന്ന കാര്യമാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
 
കഴിഞ്ഞ മാസം മാത്രം ​ചെലവിനത്തിൽ 1000 കോടി രൂപയുടെ കുറവാണ്​ ഉണ്ടായത്​. നോട്ട്​ പ്രതിസന്ധി മൂലം പദ്ധതി പ്രവർത്തനങ്ങളും പൊതുമരാമത്ത്​ പണികളും നിലച്ചിരിക്കുകയാണ്​. എന്നുകരുതി പദ്ധതികൾ ഒന്നും വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി വളർച്ചാ നിരക്ക്​ 20 ശതമാനമാക്കി ഉയർത്തും. ചരക്കു സേവന നികുതി വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാമെന്നാണ്​ പ്രതീക്ഷയെന്നും തോമസ് ഐസക് പറഞ്ഞു.
 
നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ സംസ്ഥാന ബജറ്റ് അവതരണം ജനുവരിയിൽ ഉണ്ടാകില്ല എന്ന് നേരത്തേ വ്യക്തമായിരുന്നു. നോട്ട് പ്രതിസന്ധിയും കേന്ദ്രസര്‍ക്കാരിന്റെ ബജറ്റും വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാനത്തിന്റെ ബജറ്റ്. ജനുവരിയിലെ വരവും ചിലവും അറിഞ്ഞശേഷം മാത്രമായിരിക്കും ബജറ്റ്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക