കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ നാട്ടിൽ ആക്രമണങ്ങൾ ദിനംപ്രതി ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് . ഇനിയൊരു ക്രൂരപീഡനം നടക്കാതിരിക്കാനും നമ്മുടെ അമ്മപെങ്ങന്മാരും മുത്തശി മുത്തച്ഛന്മാരും സുഖമായി അന്തിയുറങ്ങുന്നതിനും വഴിനടക്കുന്നതിനും നമുക്ക് എന്താണ് ചെയ്തു കൊടുക്കാൻ കഴിയുക ?
ആളുകളുടെ സ്വഭാവവൈകല്യങ്ങൾ മാറുന്നു, ഭരണം മാറുന്നു, നിത്യോപയോഗ സാമഗ്രികൾക്ക് രൂപമാറ്റവും നടക്കുന്നു. നിയമം മാത്രം അതിന്റെ വഴിക്ക് കാര്യമായ ഒരു മാറ്റവുമില്ലാതെ തുടരുന്നു. മതഗ്രന്ഥങ്ങൾ സൗജന്യമായി കൊടുക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്, എന്നാല്‍, നിയമപാഠമോ ഭരണഘടന കർത്തവ്യങ്ങളോ സൗജന്യമായി വിതരണം ചെയ്യുന്നത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
25 ലക്ഷത്തിൽ കൂടുതൽ ആളുകൾ അന്യസംസ്ഥാനത്തുനിന്നും കേരളത്തിൽ വന്നു ജോലിയിലും മറ്റു മേഖലകളിലും ഏർപ്പെട്ടിരിക്കുന്നു. എന്നാല്‍, ഇവരെക്കുറിച്ച് നമ്മുടെ സർക്കാരിനും പൊലീസിനും ഒരു സർവ്വേ പോലും നടത്താൻ സാധ്യമായിട്ടില്ല ഇതുവരെ. അന്യസംസ്ഥാന തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും പൂർണ്ണവിവരങ്ങൾ നമ്മുടെ നിയമപാലകരുടെ കൈയിൽ ഉണ്ടോ എന്നു ഉറപ്പുവരുത്താൻ പുതിയൊരു ആവിഷ്കരണം കൊണ്ടുവന്നേ മതിയാകൂ.
ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. എങ്കിൽ പോലും കേരളത്തിന്റെ സാംസ്‌കാരിക നിലനിൽപിനും ജനരക്ഷയ്ക്കും ഒരു മാറ്റം അനിവാര്യമാണ്. അറബ് രാജ്യങ്ങളിൽ നിലനിൽക്കുന്നത് പോലുള്ള മാർഗങ്ങൾ എന്തുകൊണ്ട് നമുക്ക് ഇവിടെയും നടപ്പിലാക്കികൂടാ....?
*ജോലി അനേഷിച്ചുവരുന്നവർക്കും*
*ജോലി ചെയ്യുന്നവർക്കും*
*തീർത്ഥാടനത്തിനുവരുന്നവർക്കും*
*ആഘോഷങ്ങൾക്ക് വരുന്നവർക്കും*
*കച്ചവടം നടത്തുന്നവർക്കും*
*വിദ്യാഭ്യാസ ആവശ്യത്തിന് വരുന്നവർക്കും*
*വിനോദ ആവശ്യത്തിന് വരുന്നവർക്കും*
ഓരോ ആവിശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കാലയളവ് അനുസരിച്ചും വരുന്ന ആവശ്യത്തിന്റെ പ്രാധാന്യം മനസിലാക്കിയും ഒരു തിരിച്ചറിയൽ കാർഡ് കൊടുത്തു കൂടെ? കാലയളവ് കഴിയുമ്പോൾ പുതുക്കാവുന്ന തരത്തിൽ ആയിരിക്കണം ഈ കാർഡ്. ചെറിയൊരു തോതിൽ ചാർജ് വാങ്ങിക്കൊണ്ടാണെങ്കിൽ സര്‍ക്കാരിനും ഒരു വരുമാനം ആകുമല്ലോ? ഇത്തരത്തിൽ ഒരു നിയമം വരുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നമ്മൾ കേരളീയർക്ക് അനുഭവിക്കേണ്ടതായി വരുമോ? പിന്നെ എന്തുകൊണ്ട് ആരും ഇതിനു മുന്നോട്ടു വരുന്നില്ല? ആധാർ, എൻ പി ആർ തുടങ്ങിയ കാർഡുകൾ ഉണ്ടാക്കിയത് കൊണ്ട് നമുക്ക് കൂടുതൽ പ്രയോജനം ലഭിച്ചിട്ടുണ്ടോ? നിലവിലെ വോട്ടർ കാർഡിലെ പരിമിതികൾ മാത്രമാണ് പരിഹരിക്കപ്പെട്ടത്.
കേരളത്തിന്റെ വളർച്ചയ്ക്കും സാംസ്‌കാരിക നിലനില്പിനും ഇത് ഒരുപാട് ഗുണം ചെയ്തേക്കാം. കണക്കുകൾ നോക്കുമ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും അന്യസംസ്ഥാന ജോലിക്കാർ ഉണ്ടാകാം. നമ്മുടെ സുരക്ഷ നമ്മുടെ സർക്കാരിന്റെ കൈയിലാണ്. ഈ പറഞ്ഞ കാര്യം ഒരു നിവേദനമായി അധികാരികളിൽ എത്തിച്ചിട്ടും ഒരു നിലപാടെടുക്കാൻ കഴിഞ്ഞിട്ടില്ല.