പൊന്നാനി പെരുമ്പടപ്പിലുണ്ടായ ബൈക്ക് അപകടത്തിൽ തൃശൂർ ചാവക്കാട് അവിയൂർ സ്വദേശികളായ നജീബുദ്ദീൻ (16), സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ്(16) എന്നിവർ മൂന്ന് വർഷം മുന്നേ മരണപ്പെട്ടിരുന്നു. ഈ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
2016 നവംബർ 20ന് രാത്രി വന്നേരി സ്കൂൾ മൈതാനത്തു നടക്കുന്ന ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോഴാണ് സുഹൃത്തുക്കളായ ഇരുവരും അപകടത്തിൽപ്പെടുന്നത്. അപകടശേഷം രണ്ട് പേരേയും രണ്ട് വാഹനങ്ങളിലായിട്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരുക്കേറ്റ വാഹിദ് യാത്രാമദ്ധ്യേ മരണപ്പെട്ടു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നജീബുദ്ധീൻ മൂന്ന് ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു.
അപകട സമയത്തും മരണശേഷവും എടുത്ത ചിത്രങ്ങളും വിവരാവകാശ രേഖകളിലൂടെ ശേഖരിച്ച വിവരങ്ങളും സഹിതമാണു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കഴുത്തിലും വയറിന്റെ ഇരുവശങ്ങളിലും ഉൾപ്പെടെ നജീബുദ്ദീനിന്റെ ശരീരത്തിൽ എട്ടിടങ്ങളിൽ ശസ്ത്രക്രിയ നടത്തിയതിന്റെ തെളിവുകൾ ഉണ്ടെന്നും പിതാവ് പരാതിയിൽ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീബുദ്ദീനിന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും എന്നാൽ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നതിനാൽ ശാസ്ത്രക്രിയ ആവശ്യമില്ലെന്നുമായിരുന്നു ഡോക്ടർമാർ പറഞ്ഞതെന്നും പിതാവ് പറയുന്നു.