നിരാശനായി വിഎസ്; സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

വെള്ളി, 20 ഫെബ്രുവരി 2015 (07:44 IST)
വിഎസ് അച്യുതാനന്ദൻ പാർട്ടി വിരുദ്ധനാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പരസ്യമായി പ്രഖ്യാപിക്കുകയും പിണറായിയുടെ വാക്കുകളെ വിഎസ് പുച്ഛിച്ചു തള്ളുകയും ചെയ്യുന്ന അമ്പരപ്പിക്കുന്ന സ്ഥിതിവിശേഷത്തിനിടെ, സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍ രാവിലെ പതാകയുയര്‍ത്തി. പ്രതിനിധി സമ്മേളനത്തിനും തുടക്കമായി. പുന്നപ്ര രക്തസാക്ഷികളെ അനുസ്മരിച്ച് രാവിലെ 10 മണിക്കാണ് പൊതു സമ്മേളനം തുടങ്ങുന്നത്.

ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് പുന്നപ്ര വയലാറിന്റെ  മണ്ണിൽ പാർട്ടി സംസ്ഥാന സമ്മേളനമെത്തുന്നത്. 1988 ലായിരുന്നു ഒടുവിൽ ആലപ്പുഴയിൽ സമ്മേളനം നടന്നത്. അന്ന് വിഎസ് അച്യുതാനന്ദനായിരുന്നു സംസ്ഥാന സെക്രട്ടറി. വലിയചുടുകാട്ടില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം നേതാക്കളും പ്രതിനിധികളും സമ്മേളന നഗരിയില്‍ (എസ്കെ ഓഡിറ്റോറിയം, കളര്‍കോട് ) പ്രവേശിക്കും. വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും.

600 പ്രതിനിധികളും 200 വിശിഷ്ട വ്യക്തികളും ആലപ്പുഴയിലെത്തിയിട്ടുണ്ട്. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സെക്രട്ടറിയുടെ പ്രസംഗത്തിന് ശേഷം സംഘടനാ റിപ്പോര്‍ട്ട് പിണറായി അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച തുടങ്ങും. തിങ്കളാഴ്ചയാണ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ്. സമാപന ദിനമായ 23 ന് 25,000 ചുവപ്പു സേനാംഗങ്ങളുടെ പരേഡും, ഒരു ലക്ഷം പേരുടെ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറൊ അംഗങ്ങളടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

പൊളിറ്റ് ബ്യൂറൊ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, എകെ പത്മനാഭന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗത സംഘം ജനറല്‍ സെക്രട്ടറി ജി. സുധാകരന്‍ എംഎല്‍എ സ്വാഗതം പറയും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക