ടീം സോളർ രൂപീകരിച്ചത് മുഖ്യമന്ത്രിയുടെ ഒത്താശയോടെ: കോടിയേരി
ബുധന്‍, 2 ഡിസംബര്‍ 2015 (16:25 IST)
സോളർ കമ്മിഷനു മുന്നിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജു രാധാകൃഷ്ണനെ സ്വാധീനിക്കാനുള്ള ജയിൽ സൂപ്രണ്ടിന്റെ ശ്രമം അന്വേഷിക്കണം. സൂപ്രണ്ടിന്റെ നടപടി ചോദ്യം ചെയ്ത ലോക്നാഥ് ബെഹ്റയെ മാറ്റിയെന്നും കോടിയേരി പറഞ്ഞു.
ടീം സോളർ രൂപീകരിച്ചത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒത്താശയോടെയാണ്. ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിന്റെ കേസ് അട്ടിമറിക്കാനാണ് വിജിലൻസിൽ ഡിജിപിയെ നിയമിക്കാത്തത്. സെൻകുമാർ ഒഴികെയുള്ള മൂന്ന് ഡിജിപിമാരെയും സർക്കാരിന് വിശ്വാസമില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം, ഉമ്മൻചാണ്ടി സരിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ബിജു രാധാകൃഷ്ണൻ സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷന് മുമ്പാകെ മൊഴി നൽകി. ഇതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും ആവശ്യമെങ്കിൽ ഹാജരാക്കാൻ തയ്യാറാണെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഷിബു ബേബി ജോൺ, എ.പി.അനിൽ കുമാർ, ഹൈബി ഈഡൻ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത്, അനിൽ കുമാറിന്റെ പേഴ്സണൽ അസിസ്റ്റന്റ് നസറുള്ള എന്നിവരുമാണ് സരിതയെ ലൈംഗികമായി ഉപയോഗിച്ചതെന്നും മൊഴി നൽകി.