വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബിജെപി കുമ്മനത്തെ പാർട്ടി അദ്ധ്യക്ഷനാക്കിയത്: കോടിയേരി

ശനി, 19 ഡിസം‌ബര്‍ 2015 (12:55 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും ദേശിയ നേതൃത്വത്തെയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ബിജെപിയിൽ പ്രാഥമിക അംഗത്വം പോലുമില്ലാത്ത ആളെ സംസ്ഥാന പ്രസിഡന്റ് ആക്കിയത് സംസ്ഥാനത്ത് മതനിരപേക്ഷത തകർത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ്. ഇതിന് പിന്നില്‍ ഗൂഡ ലക്ഷ്യമാണുള്ളതെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ മതനിരപേക്ഷത തകർത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ തീരുമാനത്തെ ബിജെപി അംഗീകരിച്ചതിന്റെ ഭാഗമാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കിയത്. ഗൂഡലക്ഷ്യം മുന്നില്‍ കണ്ടാണ് ബിജെപി ഇത്തരം നീക്കം നടത്തുന്നതെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തെഴുതിയ സംഭവത്തിലൂടെ കോൺഗ്രസിനകത്ത് രണ്ട് ചേരിയുണ്ടായി. കത്ത് വിവാദത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നുവെങ്കിലും ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തൂങ്ങുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന് ചെന്നിത്തല തന്നെ വ്യക്തമാക്കി കഴിഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥിനികളുടെ പ്രശ്നത്തിൽ വനിതാ കമ്മിഷൻ അടിയന്തരമായി ഇടപെടണം. കമ്മിഷൻ സർവകലാശാലയിലെത്തി വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക