കമ്യൂണിസ്റ്റ് പ്രസ്ഥാനം ജനങ്ങളില്‍ നിന്ന് അകലുന്നു: പന്ന്യന്‍ രവീന്ദ്രന്‍

ബുധന്‍, 23 ജൂലൈ 2014 (11:06 IST)
കമ്യൂണിസ്റ്റ് പ്രസ്ഥാനം ജനങ്ങളില്‍ നിന്നകലുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.  എന്‍ഇ ബാലറാം, പിപി മുകുന്ദന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. 
 
ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പിറകോട്ടുപോകുന്നതെന്തുകൊണ്ടെന്ന് ആത്മപരിശോധന നടത്തണം. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാള്‍ കമ്യൂണിസ്റ്റുകാരനാകുന്നത്. കമ്യൂണിസ്റ്റുകാര്‍ മനുഷ്യത്വത്തിന്റെയും മാന്യതയുടെയും ബാലപാഠങ്ങള്‍ പഠിക്കണം അദ്ദേഹം പറഞ്ഞു.
 
ജനങ്ങളില്‍നിന്നകന്നുനിന്നാല്‍ പാര്‍ട്ടിക്കു നിലനില്പുണ്ടാകില്ല. സാധാരണക്കാരുടെ ഇടയില്‍ ജനിച്ചുവളര്‍ന്ന് പ്രസ്ഥാനത്തിന്റെ അമരക്കാരായ യഥാര്‍ഥ കമ്യൂണിസ്റ്റുകാരാണ് എന്‍ഇ ബാലറാമും പിപി മുകുന്ദനുമെന്ന് പന്യന്‍ അഭിപ്രായപ്പെട്ടു. 
 
ജനങ്ങളോട് ചിരിക്കുകയും സംസാരിക്കുകയും മാന്യമായ വാക്കുകളുപയോഗിക്കുകയും ചെയ്യാത്തവര്‍ കമ്യൂണിസ്റ്റുകളാകില്ല. ബാലറാമിനെയും മുകുന്ദനെയും പോലുള്ളവരില്‍നിന്ന് ഒരിക്കലും മോശം വാക്കുകളോ പ്രവൃത്തികളോ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് ഇടതുപക്ഷപ്രസ്ഥാനം ശക്തമായുണ്ടാകണം. പഠിപ്പുമുടക്ക് ഒരു ഘട്ടത്തില്‍ അത്യാവശ്യമാണ്. പഠിക്കുക, പോരാടുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം പറയുന്നത്. പഠിപ്പുമുടക്കില്‍ കുറ്റക്കാര്‍ വിദ്യാര്‍ഥികളല്ല, ഭരണകര്‍ത്താക്കളാണ്. അനാവശ്യമായ തര്‍ക്കങ്ങളൊഴിവാക്കി ഇടതുപക്ഷം ഏകീകരിക്കപ്പെടണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

വെബ്ദുനിയ വായിക്കുക