കോവിഡ്: ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി, മേയ് മാസത്തില്‍ 273 കേസുകള്‍

രേണുക വേണു

ശനി, 24 മെയ് 2025 (11:18 IST)
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
 
273 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
 
കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍