ബന്ധുനിയമന വിവാദം: ഇപി ജയരാജനെതിരെ തുടരന്വേഷണം, ഒന്നാം പ്രതിയാക്കിയുള്ള വിജിലന്‍സ് എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു

ശനി, 7 ജനുവരി 2017 (12:17 IST)
ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെതിരായ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി അനുമതി നല്‍കി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ച്ചത്തെ സമയം വേണമെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. 
 
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ.ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരാണ് ഈ കേസിലെ രണ്ടാം പ്രതി. അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയക്കണ് മൂന്നാം പ്രതി. ജയരാജന്‍ മന്ത്രിയായിരിക്കെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച നടപടിയാണ് വിവാദമായത്. ഗുഢാലോചന സംബന്ധിച്ച 120(ബി) വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
 
പി കെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതുള്‍പ്പെടെയുള്ള നിയമനങ്ങളാണ് വന്‍വിവാദമായത്. ബന്ധുനിയമന വിവാദം സിപിഐഎമ്മിനേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കിയപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് മന്ത്രിസ്ഥാനം രാജിവെക്കാന്‍ ജയരാജന്‍ നിര്‍ബന്ധിതനായത്.

വെബ്ദുനിയ വായിക്കുക