ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തി: രണ്ടു പേർ പിടിയിൽ

ഞായര്‍, 3 ഡിസം‌ബര്‍ 2023 (17:26 IST)
മലപ്പുറം: വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ച് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാൻ എത്തിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി മുഹമ്മദ് ഇക്‌ബാൽ (22), മൂർക്കനാട് സ്വദേശി മുഹമ്മദ് അബ്ദുൽ റഷീദ് (22) എന്നിവരാണ് പിടിയിലായത്.
 
കഴിഞ്ഞ മുപ്പതിന് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബി.എ ഇംഗ്ലീഷ്  അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ വിദ്യാർത്ഥിനിക്ക് പകരം ഒന്നാം പ്രതിയായ മുഹമ്മദ്   ഇക്‌ബാൽ വ്യാജ ഹാൾ ടിക്കറ്റ് ഉപയോഗിച്ചാണ് പരീക്ഷ എഴുതാൻ എത്തിയത്.
 
പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ സംശയം തോന്നിയ ഇൻവിജിലേറ്റർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. മുഹമ്മദ് ഇക്‌ബാലിന് വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചയാളാണ് പിടിയിലായ രണ്ടാമൻ. ഇവർ ഇരുവരും വളാഞ്ചേരി കോളേജിലെ എം.എ ഹിസ്റ്ററി വിദ്യാർത്ഥികളാണ്.
 
ചങ്ങരംകുളം സി.ഐ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍