ലഭിച്ചത് പരിഹാസത്തോടെയുള്ള മറുപടി; എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
തിങ്കള്‍, 3 ജൂണ്‍ 2019 (14:53 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ച മുൻ എംപിയും എംഎൽഎയുമായ എപി അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽനിന്നു പുറത്താക്കി.
വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റിനെ തുടർന്ന് അബ്‌ദുള്ളകുട്ടിയോട് കെപിസിസി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ നൽകിയ വിശദീകരണം പരാഹാസ രൂപേണെയാണെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
പാർട്ടിയുടെ അന്തസിനെയും അച്ചടക്കത്തെയും ബാധിക്കുന്ന തരത്തിൽ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവന നടത്തുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
പാർട്ടിയുടേയും പ്രവർത്തകരുടേയും പൊതുവികാരത്തിനും താൽപര്യങ്ങൾക്കുമെതിരായി പ്രസ്‌താവനകളിറക്കിയും പ്രവർത്തിച്ചും വരുന്നതാണ് നടപടിക്കു കാരണമെന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കി കൊണ്ടുള്ള കോൺഗ്രസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ള കുട്ടിയുടെ പോസ്റ്റ്. മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു .