‘മോഡി പ്രശംസ അതിരു കടക്കുന്നു‘; തരൂരിനെതിരേ അച്ചടക്കനടപടിക്ക് സാധ്യത

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (13:21 IST)
മോഡിയെ പ്രശംസിക്കുന്ന ശശി തരൂരിന്റെ നടപടിയില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത അതൃപ്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ എംപി അവസാനിപ്പിക്കണമെന്ന് എം എം ഹസന്‍ ആവശ്യപ്പെട്ടു‍. തരൂരിനെതിരേ അച്ചടക്കനടപടി സംബന്ധിച്ച് കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് തീരുമാനിക്കും. തരൂരിന്റെ നിലപാടുകള്‍ കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം, മോഡിയുടെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാകുകയാണ് ശശി തരൂരെന്ന് എം ലിജു ആരോപിച്ചു. സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാകുന്നത്  പ്രതിഷേധാര്‍ഹമെന്നും ലിജു പറഞ്ഞു. മോഡിയുടെ ക്ലീന്‍ ചലഞ്ചിനെ പ്രശംസിച്ച ശശി തരൂരിന്റെ നടപടിയെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറും വിമര്‍ശിച്ചു.
 
മോഡിയുടെ ക്ലീന്‍ ചലഞ്ച് ഏറ്റെടുക്കുന്നതായി ശശി തരൂര്‍ അറിയിച്ചിരുന്നു. കൂടാതെ മോഡിയെ പ്രശംസിക്കുകയും ചെയ്തു. മുമ്പ് മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലും ശശി തരൂര്‍ പ്രശംസ ചൊരിഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. അതേസമയം തന്നെ ബിജെപി അനുഭാവിയായി ചിത്രീകരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക