അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തല്‍; ബി ഉണ്ണികൃഷ്ണനെതിരെ പൊലീസില്‍ പരാതി
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (08:41 IST)
ഡബ്ല്യുസിസി അംഗം അര്‍ച്ചന പദ്മിനിയുടെ പരാതിയില്‍ നിയമനടപടി സ്വീകരിച്ചില്ലെന്ന ആരോപണത്തില്‍ സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസില്‍ പരാതി.
കെഎസ്‌യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിവൈ ഷാജഹാനാണ് പരാതി നല്‍കിയത്. പൊലീസില്‍ നല്‍കിയ പരാതിയെ നിയമപരമായി നേരിടുമെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.
മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്‌മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം നടത്തിയ പ്രസമ്മേളനത്തിലാണ് അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തല്‍ നടത്തിയത്.
മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും ഇക്കാര്യം ഉണ്ണികൃഷ്‌ണനോട് നേരിട്ട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല എന്നാണ് അര്‍ച്ചന ആരോപിച്ചത്.
അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍ വിവാദമായതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക നടപടിയെടുത്തത്.