മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കോസ്റ്റ് ഗാര്‍ഡ് വെടിവയ്പ്; രണ്ടുപേര്‍ക്ക്; പരുക്ക്
ചൊവ്വ, 13 ജനുവരി 2015 (08:01 IST)
മത്സ്യബന്ധന ബോട്ടിനുനേരെ വിഴിഞ്ഞത്തിനടുത്ത് തീരസംരക്ഷണസേന നടത്തിയ വെടിവെയ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിശോധനയ്ക്കായി ബോട്ട് നിര്‍ത്തണമെന്ന സേനയുടെ ആവശ്യം ചെവിക്കൊള്ളാത്തതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.
ഇന്നലെ വൈകിട്ട് വിഴിഞ്ഞം-ബീമാപ്പള്ളി ഭാഗത്തു കടലിലുണ്ടായ സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ സുബിന്‍ ജഗദീഷ് കുമാര്‍ (30), ക്ളിന്റണ്‍ (30) എന്നിവര്‍ക്കാണു വെടിയേറ്റത്. സുബിനു വലതു കാലിലും ക്ളിന്റണു വലംകയ്യിലുമാണു വെടിയേറ്റത്. പരുക്ക് ഗുരുതരമല്ല. ഇവരെ തീരസേനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ബോട്ടും അതിലുണ്ടായിരുന്ന എര്‍മിന്‍, പ്രഭു, പൗലോസ്, മുത്തു, ജഗദീഷ്, പ്രേംലാല്‍ദാസ്, നിഷാദ്, സുനില്‍ എന്നിവര്‍ കസ്റ്റഡിയിലാണ്.
സുബിന് കാലിനും, ക്ലിന്റണ് കൈയിലുമാണ് പരിക്ക്. കന്യാകുമാരിക്കു സമീപം മണല്‍ക്കര നിന്നുമെത്തിയ റിഷിക എന്ന ബോട്ടാണു കസ്റ്റഡിയിലെടുത്തത്. കുളച്ചല്‍ ഭാഗത്തെ മല്‍സ്യബന്ധനത്തിനു ശേഷം കൊല്ലത്തു മല്‍സ്യം വില്‍ക്കാനായി വരികയായിരുന്നു. തീവ്രവാദ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏതാനും ദിവസങ്ങളായി കടലില്‍ തീരസേന പട്രോളിങ് ശക്തമാക്കിയിരുന്നു. എല്ലാ ബോട്ടുകളും പരിശോധിക്കാറുണ്ടെന്നും എന്നാല്‍ ഇൌ ബോട്ട് നിര്‍ദേശം അവഗണിച്ചു നിര്‍ത്താതെപോയെന്നുമാണു സേനയുടെ വിശദീകരണം. സംശയംമൂലം ഈ ബോട്ടിനെ കുറേദൂരം പിന്തുടര്‍ന്നു.
ബോട്ടിന്റെ അമിതവേഗമാണ് തീരസംരക്ഷണസേന ഉദ്യോഗസ്ഥരെ സംശയത്തിലാക്കിയത്. പതിവ് നിരീക്ഷണം നടത്തുകയായിരുന്ന സേനയുടെ സി.134 എന്ന നിരീക്ഷണ കപ്പലിന്റെ മുന്നിലാണ് തിങ്കളാഴ്ച വൈകീട്ട് സംശയകരമായ സാഹചര്യത്തില്‍ ബോട്ടെത്തിയത്. കന്യാകുമാരിയില്‍ മീന്‍പിടിച്ചശേഷം ഇവര്‍ ശക്തികുളങ്ങരയിലേക്ക് മടങ്ങുകയായിരുന്നു. ബോട്ട് നിര്‍ത്താന്‍ സേന ആവശ്യപ്പെട്ടപ്പോള്‍ ബോട്ടിന്റെ വേഗത കൂട്ടി. സ്രാങ്കിന്റെ ക്യാബിനിലുണ്ടായിരുന്നയാള്‍ ഗ്ലാസ് ഉയര്‍ത്തി നോക്കിയശേഷം വേഗത വീണ്ടും കൂട്ടി.
സംഭവസമയത്ത് ബോട്ടിന്റെ സ്രാങ്കായിരുന്നില്ല ബോട്ട് ഓടിച്ചിരുന്നത്. സ്രാങ്ക് തക്കല വാണിയപുരം സ്വദേശി മുത്തു മടക്കയാത്രയില്‍ തമിഴ്‌നാട്ടിലെ മുട്ടത്തിറങ്ങിയിരുന്നു. തുടര്‍ന്ന് സുബിന്‍ ജഗദീഷ് ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു. വെടിവെയ്പ് നടന്ന സമയത്ത് സുബിനാണ് ബോട്ട് ഓടിച്ചിരുന്നത്. ഇയാള്‍ വേഗതകൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് വെടിവെയ്പിന് ഇടയാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ അരമണിക്കൂറോളം ബോട്ടിനെ പിന്‍തുടര്‍ന്നു. തുടര്‍ന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി. എന്നിട്ടും ബോട്ടിലുണ്ടായിരുന്നവര്‍ അവഗണിച്ചുകൊണ്ട് ഓടിച്ചുപോകാന്‍ ശ്രമിച്ചു. പിന്നീട് കോസ്റ്റ്ഗാര്‍ഡ് അകാശത്തേയ്ക്ക് വെടിയുതിര്‍ത്തു. എന്നിട്ടും ബോട്ട് നിര്‍ത്താന്‍ തയാറായില്ല. തുടര്‍ന്നാണ് ബോട്ടിനു നേരെ വെടിവെച്ചത്.
ബോട്ടിന്റെ ക്യാബിനിലും മറ്റും വെടിയേറ്റതിനു സമാനമായ പാടുകള്‍ കോസ്റ്റല്‍ പൊലീസ് പരിശോധിച്ചു. 10 റൌണ്ട് വെടിയുതിര്‍ത്തതായാണു വിവരം. മതിയായ രേഖകള്‍ ഇല്ലാത്തതിനാലാകണം ഇവര്‍ ബോട്ട് നിര്‍ത്താതെ ഓടിച്ചുപോയതെന്നു കരുതുന്നു. ഈ ബോട്ടിനെ ഏതാനും മാസം മുന്‍പു പിടികൂടി പിഴയീടാക്കി വിട്ടയച്ചതാണെന്നും പൊലീസ് പറഞ്ഞു.
ഗുജറാത്ത് തീരത്ത് തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ ബോട്ടിലെത്തിയ സംഭവത്തെ തുടര്‍ന്ന് തീരസംരക്ഷണ സേന രാജ്യത്ത് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം തീരത്തും നിരീക്ഷണം നടത്തിയത്. സാധാരണ മത്സ്യത്തൊഴിലാളികളാണെങ്കില്‍ പരിശോധയ്ക്കുവേണ്ടി ബോട്ട് നിര്‍ത്തുകയാണ് പതിവ്. ഇത് അവഗണിച്ച് മുന്നോട്ട് പോയതാണ് സംശയത്തിന് ഇടനല്‍കിയത്. തീരസേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി എടുക്കുമെന്നു സ്ഥലത്തെത്തിയ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ശ്രീകുമാര്‍ അറിയിച്ചു.