ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ വീണ്ടും കോടതിയില്‍ ഹാജരായി

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (15:06 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ എം കെ ദാമോദരന്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി വീണ്ടും കോടതിയില്‍ ഹാജരായി. മാര്‍ട്ടിന്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ ഹാജരായത്. 
 
അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‌കിയ ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരായത്. നേരത്തെയും മാര്‍ട്ടിനു വേണ്ടി ദാമോദരന്‍ ഹാജരായിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.
 
മാര്‍ട്ടിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി പൂർത്തിയായെന്ന് എന്‍ഫോഴ്സ്മെന്‍റ് കേസ് പരിഗണിക്കവെ ഹൈക്കോടതിയെ അറിയിച്ചു. മാര്‍ട്ടിന്‍റെയും പങ്കാളിയുടെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ 122 കോടി രൂപ വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
 
സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടിക്കെതിരെ അതാത് കമ്പനികളാണ് ഹര്‍ജി നൽകേണ്ടതെന്നും എന്നാൽ, സ്വന്തം നിലയിലാണ് സാന്‍റിയാഗോ മാര്‍ട്ടിൻ ഹൈക്കോടതിയെ സമീപിച്ചതെന്നും അതിനാൽ എതിർകക്ഷിയുടെ ഹരജി നിലനിൽക്കില്ലെന്നും എന്‍ഫോഴ്സ്മെന്റ് വാദിച്ചു.
Next Article