കേരളത്തിന് ഇന്ന് ആശ്വാസദിനം. സംസ്ഥാനത്ത് ഇന്ന് ആർക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗത്തിൽ നിന്നും മോചിതരായത്. ഇതിൽ ആറ് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനംതിട്ട സ്വദേശിയുമാണ്.
നിലവിൽ സംസ്ഥാനമാകെ 30 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 502 പേർക്ക് ഇതുവരെയായി രോഗം സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനമാകെ 14,670 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 268 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്ന് മാത്രം 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്.
നിലവിൽ സംസ്ഥാനത്തെ 6 ജില്ലകളിൽ മാത്രമാണ് കൊവിഡ് രോഗികളുള്ളത്. 8 ജില്ലകൾ കൊവിഡ് രോഗമുക്തമായി. പുതിയ ഹോട്ട്സ്പോട്ടുകൾ ഇല്ലാത്തതും സംസ്ഥാനത്തിന് വലിയ ആശ്വാസമാണ്.