പ്രധാനമന്ത്രിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്റെ മനസ്; ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിങ്കള്‍, 28 ജനുവരി 2019 (19:40 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്റെ മനസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംഘപരിവാർ പ്രവര്‍ത്തകരാണ് രാജ്യത്തിന്റെ സംസ്‌കാരം നശിപ്പിക്കുന്നത്. ഭക്ഷണത്തിന്റെയും പശുവിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്ന സ്വന്തം അനുയായികളെയാണ് പ്രധാനമന്ത്രി എതിർക്കേണ്ടതെന്നും പിണറായി പറഞ്ഞു.
പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചത് സംഘപരിവാറാണ്. നിരവധി കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ക്ക് സംഘപരിവാര്‍ സംരക്ഷണം കൊടുത്തു. ഇക്കാര്യങ്ങള്‍ രാജ്യത്തിന് നന്നായി അറിയാമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള ഇത്തരം സംഘപരിവാർ ശ്രമങ്ങൾ കേരളത്തിൽ നടക്കില്ലെന്ന നിരാശയാണ് മോദിയുടെ വിമർശനത്തിന് കാരണം. രാജ്യത്തിന്‍റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ശരിയായി നിറവേറ്റിയോ എന്ന് മോദി ആത്മപരിശോധന നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
ഇടതുസർക്കാർ കേരളത്തിന്‍റെ സംസ്‌കാരം തകർക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍റെ ദേശീയ സമ്മേളനത്തിടെ മുഖ്യമന്ത്രി നല്‍കിയത്.