കാഴ്ചയുടെ ഏഴുദിവസത്തെ പൂരത്തിന് ശേഷം 19-)മത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് അവസാനിക്കും. വൈകീട്ട് നാലോടെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപനചടങ്ങുകള്‍ നടക്കുക. കലാപീഠം ബേബി മാരാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. സമാപന ചടങ്ങില്‍ വിഖ്യാത സംവിധായകന്‍ നൂറി ബില്‍ജി സെയ്ലന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മേളയിലെ മികച്ച ചിത്രങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിതരണം ചെയ്യും. മികച്ച ചിത്രത്തിന് സുവര്‍ണചകോരവും മികച്ച സംവിധായകന് രജതചകോരവും ലഭിക്കും. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും ഫിപ്രസി, നെറ്റ്പാക് പുരസ്കാരങ്ങളും ചടങ്ങില്‍ നല്‍കും.
പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, തിയറ്റര്‍ അവാര്‍ഡുകള്‍ എന്നിവയും സമ്മാനിക്കും. 5.30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം നടക്കും. തുടര്‍ന്ന് സുവര്‍ണ ചകോരം നേടുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.