വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത്; അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

വ്യാഴം, 5 നവം‌ബര്‍ 2015 (13:15 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പില്‍ മിക്കയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി. വോട്ടിംഗ് യന്ത്രങ്ങള്‍ കേടായതിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ നടന്നെന്ന് സംശയിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷനും പറഞ്ഞു. സംഭവം അതീവഗുരുതരമാണെന്നും വിശദമായ അന്വേഷണം വേണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
 
അതേസമയം, വോട്ടിംഗ് തടസ്സപ്പെട്ട ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. സംഭവത്തെ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും പ്രശ്നം തെരഞ്ഞെടുപ്പു കമ്മീഷന്‍ അന്വേഷിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
 
സംഭവത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടോ എന്ന കാര്യം അന്വേഷിച്ച് ഫലപ്രദമായ നടപടി കൈക്കൊള്ളണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടു. വോട്ടിംഗ് തടസ്സപ്പെട്ട സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
 
വോട്ടിംഗ് തടസ്സപ്പെട്ടത് അട്ടിമറിയാണോയെന്ന് സംശയിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെന്ന് മുസ്ലിംലീഗ് എം എല്‍ എ കെ എന്‍ എ ഖാദര്‍ അഭിപ്രായപ്പെട്ടു. 
 
ലീഗ് ശക്തികേന്ദ്രങ്ങളില്‍ മാത്രമല്ല സി പി എം ശക്തികേന്ദ്രങ്ങളിലും വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സി പി എം മലപ്പുറം ജില്ല സെക്രട്ടറി പി വി വാസുദേവന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക