തെരഞ്ഞെടുപ്പില്‍ ഇനിയൊരു ചാവേറാകാന്‍ ഇല്ലെന്ന് ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം സി പി എമ്മിനു വേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ വ്യക്തിയെന്ന നിലയ്ക്ക് ജയം ഉറപ്പുള്ള സീറ്റിന് താന്‍ അര്‍ഹനാണെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
ജയസാധ്യത ഒട്ടുമില്ലാത്ത ഒരു മണ്ഡലത്തില്‍ മത്സരിച്ച് ഇനിയൊരു ചാവേറാകാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയവാരികയില്‍ എഴുതുന്ന ആത്മകഥയിലെ പ്രസക്തഭാഗങ്ങളാണ് ഫേസ്‌ബുക്കില്‍ പങ്കുവെച്ചത്.
“'2001-ല്‍ 10 വര്‍ഷം അഥവാ രണ്ട് ടേമില്‍ അധികം നിയമസഭാംഗമാകാന്‍ ആരെയും അനുവദിക്കരുതെന്ന എന്റെ ആവശ്യം കെപിസിസി നിരസിച്ചപ്പോഴാണ് ഏറ്റവുമധികം കാലം എംഎല്‍എ ആയി തുടരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അത് കോണ്‍ഗ്രസിലെ അധികാര കുത്തകയ്‌ക്കെതിരായ പോരാട്ടമായിരുന്നു.
2001-ല്‍ തിരുവനന്തപുരം വെസ്റ്റില്‍ സീറ്റ് കിട്ടാത്തതു കൊണ്ടും കിട്ടിയ നോര്‍ത്തില്‍ പരാജയഭീതി പൂണ്ടുമാണ് ഞാന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് കരുതുന്നവരുണ്ട്. വെസ്റ്റില്‍ എന്റെ സീറ്റ് ഉറപ്പായിരുന്നതിനാല്‍ നോര്‍ത്തില്‍ കെ മോഹന്‍കുമാറിന്റെ പേര് കെ കരുണാകരനോടു നിര്‍ദേശിച്ചത് ഞാനാണ്. എന്നെ വെട്ടാന്‍ ഉമ്മന്‍ചാണ്ടി അവസാനനിമിഷം എംവി രാഘവനെ വെസ്റ്റില്‍ ഇറക്കിയപ്പോള്‍ നോര്‍ത്തില്‍ മത്സരിക്കാന്‍ കെ കരുണാകരന്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ വാക്കുകൊടുത്ത മോഹന്‍കുമാറിനെ മാറ്റുന്നത് അധാര്‍മികം ആയതു കൊണ്ടാണ് ഞാന്‍ വഴങ്ങാതിരുന്നത്.
ഒരു ഇടതുപക്ഷ സഹയാത്രികനായതു മുതല്‍ ഞാന്‍ ഒരു പാര്‍ട്ടി വക്താവിനെ പോലെയാണ് ബഹുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിപിഐഎം ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി. ഇടതുപക്ഷ പ്രചാരകന്‍ എന്ന നിലയില്‍ ആയിരക്കണക്കിന് യോഗങ്ങളില്‍ കേരളത്തിലുടനീളം പങ്കെടുത്തു. ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാക്കാനാണ് ടിവി പ്രഭാഷണങ്ങള്‍ നടത്തിയതും ലേഖനങ്ങള്‍ എഴുതിയതും. ഒരു പാഴ്‌വാക്കു പോലും വീണിട്ടില്ല.
2001-ല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ജയിക്കുന്ന സീറ്റ് ആരോടും തേടിയില്ല. അഞ്ചു വര്‍ഷത്തിനു ശേഷം ജയിക്കുന്ന ഒരു സീറ്റ് എന്ന മിനിമം ആവശ്യമാണ് ഉന്നയിച്ചത്. 2006-ല്‍ കല്ലൂപ്പാറയിലും 2011-ല്‍ വട്ടിയൂര്‍ക്കാവിലും നോമിനേഷന്‍ കൊടുക്കുന്നതിനു മുമ്പുതന്നെ തോല്‍വി ഉറപ്പായിരുന്നു. കേരളത്തില്‍ സിപിഐഎം ഏറ്റവും ദുര്‍ബലമായ മണ്ഡലങ്ങള്‍. ഉമ്മന്‍ചാണ്ടി, ജോസഫ് എം പുതുശ്ശേരി, കെ.മുരളീധരന്‍ എന്നീ എതിരാളികള്‍ രാഷ്ട്രീയ സാമുദായിക കാരണങ്ങളാല്‍ അതിശക്തരുമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത ഒട്ടുമില്ലാത്ത ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ച് ഇനിയൊരു ചാവേറാകാനില്ല. രാഷ്ട്രീയദൗത്യം എന്ന നിലയിലാണ് എല്‍ഡിഎഫ് സ്വതന്ത്രനായി മൂന്നുതവണ യുഡിഎഫ് കോട്ടകളില്‍ മത്സരിച്ചു തോറ്റത്. 15 വര്‍ഷക്കാലം സിപിഐഎമ്മിനു വേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി എന്ന നിലയില്‍ ഇത്തവണ കേരളത്തില്‍ എവിടെയെങ്കിലും ജയിക്കുന്ന ഒരു ഉറച്ച സീറ്റ് ലഭിക്കാന്‍ എനിക്ക് അര്‍ഹതയോ അവകാശമോ ഉണ്ട്. തോല്‍ക്കാനായി ജനിച്ചവന്‍ എന്ന ദുഷ്‌പേരു മാറ്റാന്‍ ഒരിക്കലെങ്കിലും വിജയിക്കുക എന്നത് എന്റെ അഭിമാനപ്രശ്‌നമാണ്. അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നത്.'