വിധിയില്‍ തൃപ്‌തിയില്ല; നിസാമിന് വധശിക്ഷയാണ് ലഭിക്കേണ്ടിയിരുന്നത്: ചന്ദ്രബോസിന്റെ ഭാര്യ

വ്യാഴം, 21 ജനുവരി 2016 (14:07 IST)
സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ വിവാദവ്യവസായി മുഹമ്മദ് നിസാമിന് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തവും 24 വര്‍ഷം തടവും 80, 30000 രൂപ പിഴയും വിധിച്ചെങ്കിലും വിധിയില്‍ തൃപ്‌തിയില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. ശിക്ഷ കുറഞ്ഞു പോയെന്നും ബന്ധുക്കള്‍ പറഞ്ഞു.

നിസാമിന് വധശിക്ഷയാണ് ലഭിക്കേണ്ടിയിരുന്നത്. ഇയാള്‍ക്ക് ജയിലില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കും. അയാള്‍ ഇനി ജീവിക്കാന്‍ പാടില്ല. അതിനാല്‍ തന്നെ വിധിയില്‍ തൃപ്‌തിയില്ലെന്നും ജമന്തി പ്രതികരിച്ചു.

79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്. സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത് എന്ന പ്രത്യേകതയും ഉണ്ട്. 2015 ജനവരി 29ന് പുലര്‍ച്ചെ മൂന്നോടെയാണ് ചന്ദ്രബോസിനുനേരെ അക്രമം നടക്കുന്നത്. 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫിബ്രവരി 16ന് ചന്ദ്രബോസ് അമല ആശുപത്രിയില്‍ മരിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റിലായ നിസാമിനെ രക്ഷിക്കാന്‍ പല ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായെന്ന ആരോപണം ശക്തമായിരുന്നു.

വെബ്ദുനിയ വായിക്കുക