5000 കോടിയുടെ ആസ്‌തി; 70 കോടിയുടെ വിദേശകാറുകള്‍, അഞ്ച് ലക്ഷത്തിന്റെ ഷൂ, ബാറുകളിലെ ജോക്കികൾക്ക് 25,000 രൂപയും സെക്യൂരിറ്റിക്ക് 5000 രൂപയും ടിപ്പ് നല്‍കും- നിസാമിന്റെ ആഡംബരം ഇനി ജയിലിലോ ?

വ്യാഴം, 21 ജനുവരി 2016 (15:06 IST)
തൃശൂര്‍ ശോഭാസിറ്റിയില്‍ വെച്ചുണ്ടായ കൊലപാതകത്തില്‍ 5000കോടി രൂപ ആസ്തിയുള്ള മുഹമ്മദ് നിസാം അഴിക്കുള്ളിലായി. ജീവിതമാര്‍ഗത്തിനായി സുരക്ഷാ ജീവനക്കാരന്റെ കോട്ടണിഞ്ഞ ചന്ദ്രബോസിനെ ക്രൂരമായി ബര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് കോടതി നല്‍കിയ ശിക്ഷ കുറഞ്ഞു പോയെങ്കിലും ഇനിയുള്ള ഭൂരിഭാഗം കാലവും നിസാം ജയിലില്‍ തന്നെയാകും. കോടികളുടെ ആസ്തിയുള്ള ഈ കൊലയാളിയുടെ ജീവിതം ആഡംബരത്തില്‍ ഒട്ടും പിശുക്ക് കാണിക്കാതെയായിരുന്നു.

ഡാന്‍‌സ് ബാറുകളിലും വന്‍ ചെലവുകളുള്ള ഹോട്ടലുകളിലെയും സ്ഥിരം സന്ദര്‍ശകനായിരുന്നു നിസാം. ലക്ഷങ്ങളാണ് ഇവിടെ ചെലവഴിച്ചിരുന്നത്. പണത്തിന്റെ ധാരാളിത്തത്തില്‍ ആയിരങ്ങളും ലക്ഷങ്ങളുമാണ് പലയിടങ്ങളിലുമായി ഇയാള്‍ ചെലവഴിച്ചിരുന്നത്. ഡാൻസ് ബാറിലെ ജോക്കികൾക്ക് 25,000 രൂപയും കാർ പാർക്കു ചെയ്തു വരുന്ന സെക്യൂരിറ്റിക്കാരന് 5000 രൂപ വരെ ടിപ്പ് കൊടുത്ത ചരിത്രവും ഇതില്‍ ഒന്നുമാത്രവുമാണ്.

വാഹനങ്ങളോട് സാധരണതോതിലുള്ള കമ്പമായിരുന്നു നിസാമിന്. 70 കോടി രൂപയുടെ വിദേശനിര്‍മിത കാറുകള്‍ വിവിധ ഇടങ്ങളിലായി നിസാമിനുണ്ടായിരുന്നു. പോഷെ, ലംബോർഗിനി, ഫെറാറി, റോൾസ് റോയ്‌സ്, ഹമ്മർ എന്നിവയായിരുന്നു വിവാദവ്യവസായിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്നത്. ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് 5 ലക്ഷം രൂപയുടെ ഷൂവായിരുന്നു നിസാം ധരിച്ചിരുന്നത്. പാമ്പിൻതോലുകൊണ്ട് ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷൻ ഷൂ ഉപയോഗിച്ചായിരുന്നു ചന്ദ്രബോസിനെ ചവിട്ടിയത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി കോടികളുടെ സ്വത്തുക്കളാണ് നിസാമിന് സ്വന്തമായിരുന്നത്. ബിനാമി ഇടപാടുകളിലായിരുന്നു ഇവയില്‍ പലതും.ബംഗളുരുവിലെ ലവ്‌ലി റോഡിലെ കണ്ണായ സ്ഥലത്ത് കോസ്മെറ്റിക് സർജറി ക്ലിനിക് സ്‌പാ, മൾട്ടി ജിംനേഷ്യം എന്നിവ ആരംഭിക്കാൻ കോടികള്‍ വിലമതിക്കുന്ന കെട്ടിടമാണ് നിസാം വാടകയ്‌ക്ക് എടുത്തത്. ഇതിന്റെ വാടക ലക്ഷങ്ങളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രബോസ് വധക്കേസില്‍ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും 80, 30000 രൂപ പിഴയും വിധിച്ചെങ്കിലും വിധിയില്‍ തൃപ്‌തിയില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി വ്യക്തമാക്കി കഴിഞ്ഞു. ശിക്ഷ കുറഞ്ഞു പോയെന്നും ബന്ധുക്കള്‍ പറഞ്ഞു. നിസാമിന് വധശിക്ഷയാണ് ലഭിക്കേണ്ടിയിരുന്നത്. ഇയാള്‍ക്ക് ജയിലില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കും. അയാള്‍ ഇനി ജീവിക്കാന്‍ പാടില്ല. അതിനാല്‍ തന്നെ വിധിയില്‍ തൃപ്‌തിയില്ലെന്നും ജമന്തി പ്രതികരിച്ചു.

79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്. സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത് എന്ന പ്രത്യേകതയും ഉണ്ട്. 2015 ജനവരി 29ന് പുലര്‍ച്ചെ മൂന്നോടെയാണ് ചന്ദ്രബോസിനുനേരെ അക്രമം നടക്കുന്നത്. 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫിബ്രവരി 16ന് ചന്ദ്രബോസ് അമല ആശുപത്രിയില്‍ മരിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റിലായ നിസാമിനെ രക്ഷിക്കാന്‍ പല ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായെന്ന ആരോപണം ശക്തമായിരുന്നു.

വെബ്ദുനിയ വായിക്കുക