മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മെര്‍ലിന്‍ സാമുവല്‍

ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (15:15 IST)
മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയായി സിഎച്ച് കുഞ്ഞമ്പു മത്സരിക്കും. ജില്ലാ സെക്രട്ടേറിയേറ്റ് യോഗം കുഞ്ഞമ്പുവിന്റെ പേരാണ് നിര്‍ദേശിച്ചത്‌. ഔദ്യോഗികപ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും.

സ്ഥാനാര്‍ഥി ആരാകണമെന്ന ചര്‍ച്ചയില്‍ മറ്റാരുടേയും പേര് ഉയര്‍ന്നു വരാത്ത സാഹചര്യത്തില്‍ കുഞ്ഞമ്പുവിനെ തന്നെയാവും മഞ്ചേശ്വരം തിരികെ പിടിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു. സിപിഎം സംസ്ഥാനസമിതി അംഗമാണ് സിഎച്ച് കുഞ്ഞമ്പു.

മണ്ഡലത്തില്‍ കുഞ്ഞമ്പുവിനുള്ള സ്വാധീനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2006ല്‍ ചെര്‍ക്കളം അബ്ദുള്ളയെ പരാജയപ്പെടുത്തിയ കുഞ്ഞമ്പുവിന്റെ വ്യക്തിപ്രഭാവം പുതിയസാഹചര്യത്തില്‍ ഗുണകരമാകുമെന്നാണ് സിപിഎം പ്രതീക്ഷ.

മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ മൂന്ന് മന്ത്രിമാരുണ്ടാകും. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, ഇ. ചന്ദ്രശേഖരൻ എന്നിവരെയാണ് ഇടതുമുന്നണി മഞ്ചേശ്വരത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്താണ് മത്സരിക്കുക. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്‌ചയുണ്ടാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം പേരും പ്രശാന്തിനെയാണു പിന്തുണച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍