'കേരളത്തെ കുറ്റപ്പെടുത്തി എഴുതണം'; ശാസ്ത്രജ്ഞരോടു ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

രേണുക വേണു

ചൊവ്വ, 6 ഓഗസ്റ്റ് 2024 (12:44 IST)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി ലേഖനങ്ങള്‍ എഴുതണമെന്ന് ശാസ്ത്രജ്ഞരോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇംഗ്ലീഷ് വെബ് പോര്‍ട്ടലായ 'ദ ന്യൂസ് മിനിറ്റ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ശാസ്ത്രജ്ഞരോട് ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴിയാണ് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 
 
ഉരുള്‍പൊട്ടലിനു മുന്‍പ് കേരളത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കേരളത്തിനെതിരായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. 
 
അമിത് ഷായ്‌ക്കെതിരെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ' ജൂലൈ 23 മുതല്‍ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിനു നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതില്‍ ഒരു ദിവസം പോലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയിട്ടില്ല. ഇതാണ് വസ്തുത. 29 നു ഉച്ചയ്ക്ക് ഒരു മണിക്ക് നല്‍കിയ മുന്നറിയിപ്പില്‍ പോലും വയനാട് ജില്ലയ്ക്ക് ഓറഞ്ച് അലര്‍ട്ട് മാത്രമാണ്. ജൂലൈ 30 നു രാവിലെ ആറിനാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഇതേ ദിവസം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉച്ചയ്ക്കു രണ്ട് മണിക്കു നല്‍കിയ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഇവ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള മുന്നറിയിപ്പില്‍ പച്ച അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. പച്ച എന്നാല്‍ ചെറിയ മണ്ണിടിച്ചിലില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചേക്കാം എന്ന് മാത്രമാണ് അര്‍ത്ഥം. അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്തു. മറ്റൊരു കേന്ദ്ര ഏജന്‍സിയാണ് കേന്ദ്ര ജലകമ്മീഷന്‍. അവരാണ് പ്രളയ മുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം. എന്നാല്‍ ജൂലൈ 23 മുതല്‍ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജല കമ്മീഷന്‍ ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമായാണ് കാണേണ്ടത്,' എന്നാണ് അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍